പശ്ചിമേഷ്യയിൽ ഇനിയെന്ത്?
text_fieldsബഗ്ദാദ്: പ്രതികാരം എന്ന കടുപ്പമേറിയ വാക്കാണ് പശ്ചിമേഷ്യയുടെ അന്തരീക്ഷത്തെ വീണ്ടും മുൾമുനയിൽ നിർത്തുന്നത്. മുതിർന്ന സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ യു.എസ് അർഹിക്കുന്ന പ്രതികാരം തീർച്ചയായും ഉണ്ടാകുമെന്ന് ആത്മീയാചാര്യൻ ആയത്തുല്ല ഖാംനഈ മുതൽ താഴെത്തട്ടിലെ നേതാക്കൾവരെ അടിവരയിടുന്നു. പശ്ചിമേഷ്യയിലെ യു.എസ് യുദ്ധക്കപ്പലുകൾ ആക്രമിക്കുന്നതു മുതൽ സഖ്യകക്ഷികളെ ലക്ഷ്യമിടുന്നതുവരെ ഏതു തരത്തിലും പ്രതികാരം സംഭവിക്കാം. ഇത് അതിവേഗമാണോ കാത്തിരുന്നാണോ എന്നതും, തിരിച്ചടി എങ്ങനെയൊക്കെയാകും എന്നതും വിഷയമാണ്.
ഒരു യുദ്ധം അമേരിക്കയെ തളർത്തുന്നതിലേറെ ഇറാനെയാകും സാമ്പത്തികമായും രാഷ്ട്രീയമായും ആദ്യം ക്ഷീണിപ്പിക്കുക. അതിനാൽ, വലിയ യുദ്ധത്തിന് അടിയന്തരമായി ഇറാൻ ഇറങ്ങിപ്പുറപ്പെട്ടേക്കില്ലെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. എട്ടുവർഷം ചെയ്ത യുദ്ധം കൊണ്ട് ഇറാൻ 80കളിൽ ഒന്നും നേടിയില്ലെന്നതു തന്നെ ഒന്നാമത്തെ ഉദാഹരണം.
ശിയ പൗരസേനകളെയുൾപ്പെടെ പ്രയോജനപ്പെടുത്തി ഇറാഖിലെ യു.എസ് സേനാ സാന്നിധ്യം ഇല്ലാതാക്കാൻ ശ്രമം നടത്താമെന്നതാണ് മറ്റൊന്ന്. ജനകീയ പിന്തുണയോടെ നടത്താനായാൽ യു.എസ് ശരിക്കും വിയർക്കേണ്ടിവരും. ഇറാഖിൽനിന്ന് പിന്മാറേണ്ടിവന്നാൽ, യു.എസിന് അത് കനത്ത തിരിച്ചടിയാകും.
എണ്ണ മുന്നിൽനിർത്തിയുള്ള ആക്രമണത്തിെൻറ സാധ്യത നിലനിൽക്കുന്നു. ഹുർമുസ് കടലിടുക്ക് വഴി എണ്ണ കടത്ത് മുടക്കിയാൽ വൻ പ്രതിസന്ധി ലോകത്തുടനീളം സംഭവിച്ചേക്കും.
സൈബർ ആക്രമണം പോലുള്ള നൂതന പോർമുഖങ്ങൾ തുറക്കുകയെന്ന സാധ്യതയും പ്രവചിക്കുന്നവരുണ്ട്. വിലയിരുത്തലുകളുമായി വിദഗ്ധർ സജീവമാണെങ്കിലും ഇറാൻ ഈ രംഗത്ത് എത്രത്തോളമുണ്ടെന്ന സാധ്യത നിലനിൽക്കുകയാണ്.
ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശരിക്കും സൈനിക നീക്കം നടത്തുകയെന്ന അർധസാധ്യതയും ഇറാൻ ആലോചിക്കുന്നുണ്ട്. വിജയസാധ്യത തീരെ കുറവുള്ള ഒന്നിലേക്ക് എടുത്തുചാടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
