റോഹിങ്ക്യൻ വംശഹത്യ: യു.എൻ കോടതി വാദം കേൾക്കൽ അടുത്തയാഴ്ച മുതൽ
text_fieldsനയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാന്മർ ഭരണകൂടം നടത്തിയ വംശഹത്യയിൽ യു.എൻ രാജ്യാന്തര കോടതിയിൽ (ഐ.സി.ജെ) വിചാരണ അടുത്തയാഴ്ച ആരംഭിക്കും. ഡിസംബർ 10 മുതൽ 12 വരെയാണ് വാദംകേൾക്കൽ. ആരോപണങ്ങൾ പ്രതിരോധിക്കാൻ മ്യാന്മർ നേതാവ് ഓങ്സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സംഘം കോടതി ആസ്ഥാനമായ ഹേഗിലെത്തും.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾ നേരിട്ട വംശഹത്യയിൽ മ്യാന്മർ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എൻ കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) പിന്തുണ നൽകി. 1948ലെ വംശഹത്യ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനാൽ വിചാരണ നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ മ്യാന്മറിനാകില്ല.
ഭരണകൂടം കുറ്റക്കാരാണെന്ന കാര്യമാകും 16 അംഗ പാനൽ പ്രധാനമായി പരിശോധനക്ക് വിധേയമാക്കുക. സർക്കാറിെൻറ ഇടപെടൽ തെളിഞ്ഞാൽ പ്രാഥമിക നടപടിയെന്നോണം അതിക്രമം ആവർത്തിക്കാതിരിക്കാൻ സർക്കാറിന് അടിയന്തര നിർദേശം നൽകും. പ്രധാന ആരോപണങ്ങളിലുള്ള വിചാരണ അടുത്ത വർഷമാകും ആരംഭിക്കുക. അന്തിമ വിധിക്ക് വർഷങ്ങളെടുക്കുമെങ്കിലും പ്രാഥമിക നിർദേശം ആഴ്ചകൾക്കുള്ളിലുണ്ടാകും. രാജ്യാന്തര കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറുകൾക്കാവില്ല. എന്നാൽ, വിധി നേരിട്ട് നടപ്പാക്കാൻ കോടതികൾക്ക് പ്രയാസവുമുണ്ട്.
നേരേത്ത, ബോസ്നിയൻ മുസ്ലിംകൾക്കെതിരെ സെർബിയ നടത്തിയ വംശഹത്യ കേസിലാണ് യു.എൻ കോടതി വിചാരണ നടത്തിയത്. 1992-95 കാലത്ത് നടന്ന യുദ്ധത്തിനിടെ പതിനായിരങ്ങൾ കൂട്ടക്കുരുതിക്കിരയായിരുന്നു. സ്രെബ്രനീസയിൽ മാത്രം 8,000 മുസ്ലിം പുരുഷന്മാരും കുട്ടികളും കൊല്ലപ്പെട്ടു. വംശഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും സർക്കാർ നേരിട്ട് പങ്കാളിയായതിന് തെളിവില്ലെന്നായിരുന്നു രാജ്യാന്തര കോടതിയുടെ അന്തിമ തീർപ്പ്. കംബോഡിയയിൽ 1970കളിൽ നടന്നതും റുവാണ്ടയിൽ 1994ൽ നടന്നതും വംശഹത്യയാണെന്ന് കണ്ടെത്തിയിരുന്നു.
മ്യാന്മർ ഭരണകൂടത്തിനെതിരെ നിരവധി രാജ്യങ്ങൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവർഷം മുമ്പ് നടന്ന സൈനികവേട്ടയെ തുടർന്ന് 7,30,000 റോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് കണക്ക്.