വോട്ടുനേടാനായി ഇസ്ലാംവിരുദ്ധത ചിലർ പ്രയോഗിക്കുന്നു –ഖത്തർ അമീർ
text_fieldsദോഹ: മുസ്ലിംകള്ക്കും ഇസ്ലാമിനും എതിരായ നിലപാടുകള്‍ സ്വീകരിച്ച് അവ വോട്ടുനേടാനുള്ള ഉപകരണമാക്കിയെടുക്കാന് അടുത്തകാലത്ത് ചിലര്‍ ശ്രമിക്കുന്നുെണ്ടന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് പകരം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ മാത്രമുള്ള ആഭ്യന്തര രാഷ്ട്രീയ താൽപര്യങ്ങളാണ് ഇത്തരം ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെയും വ്യത്യാസങ്ങളെയും ബഹുമാനത്തോടെ സ്വീകരിക്കുമ്പോള്‍ മാത്രമേ രാജ്യം പരിഷ്കൃതവും വികസിതവുമാവുകയുള്ളൂവെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ക്വാലാലംപുര്‍ കണ്വെന്ഷന് സെൻററില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിെൻറ പരമാധികാരം നേടുന്നതില്‍ വികസനത്തിനുള്ള പങ്ക്്’ എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്യുന്നതാണ് ലോകത്ത് അസ്ഥിരത നിലനില്‍ക്കാനുള്ള പ്രധാനപ്പെട്ട കാരണം. ഇസ്ലാമിനെയും മുസ്ലിംകളെയും ജനാധിപത്യത്തിെൻറയും മനുഷ്യാവകാശത്തിെൻറയും തത്ത്വങ്ങള്‍ക്ക് അനുസരിച്ചാണ് കൈകാര്യം ചെയ്യേണ്ടത്. മുസ്ലിംകള്ക്ക് എതിരായ വംശീയ അധിക്ഷേപം നടത്തുന്നവര്‍ ക്രിമിനലുകളാണ്. മറ്റു സമൂഹത്തോടും രാജ്യങ്ങളോടും അവകാശപ്പെടുന്നതുപോലെ മുസ്ലിം രാജ്യങ്ങളും മറ്റു മതങ്ങളെയും അവയുടെ പ്രത്യേകതകളെയും ബഹുമാനിക്കുകയും വ്യത്യസ്തതകള്‍ പരിഗണിക്കുകയും വേണമെന്നും അമീര്‍ ആവശ്യപ്പെട്ടു. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദിനും സര്‍ക്കാറിനും മലേഷ്യയിലെ ജനങ്ങള്‍ക്കും അമീർ നന്ദി പറഞ്ഞു.
മലേഷ്യന്‍ രാജാവ് അബ്ദുല്ല റിയാതുദ്ദീന് അല്‍ മുസ്തഫ ബില്ല ഷാ, തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്ദുഗാന്, ഇറാന് പ്രസിഡൻറ് ഡോ. ഹസന് റൂഹാനി, മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ അമീറിനൊപ്പമുള്ള സംഘാംഗങ്ങള്‍, വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ പ്രതിനിധികള്‍, ഇസ്ലാമിക ലോകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഗവേഷണം നടത്തുന്നവരും ബുദ്ധിജീവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഏഴു പ്രധാന വിഷയങ്ങളിലാണ് ഉച്ചകോടി ശ്രദ്ധയൂന്നൂന്നത്. ദേശീയ വികസനവും പരമാധികാരവും സമഗ്രതയും ഭരണനിര്‍വഹണവും, സംസ്കാരവും അസ്തിത്വവും, നീതിയും സ്വാതന്ത്ര്യവും സമാധാനവും, സുരക്ഷയും പ്രതിരോധവും, വ്യാപാരവും നിക്ഷേപവും, സാങ്കേതികതയും ഇൻറര്‍നെറ്റ് പരിപാലനവും എന്നീ വിഷയങ്ങളാണവ.
ഫലസ്തീനിലേത് അധിനിവേശം
ബലപ്രയോഗത്തിലൂടെയാണ് ജൂതസമൂഹം ഫലസ്തീനില്‍ അധിനിവേശം നടത്തിയത്. ജറൂസലമിനെ ജൂതവത്കരിക്കാനും അവിടേക്ക് കൂടുതല്‍ കുടിയേറ്റം നടത്താനുമുള്ള നയങ്ങളാണ് തുടരുന്നത്. ജറൂസലം നഗരത്തിെൻറ അറബ് സ്വഭാവം നശിപ്പിക്കുകയും എല്ലായിടങ്ങളിലും അറബികളുടെയും മുസ്ലിംകളുടെയും വികാരങ്ങളെ പ്രകോപിപ്പിക്കാനുമാണ് ജൂതർ ശ്രമിക്കുന്നത്. ഫലസ്തീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അറബ്, ഇസ്ലാമിക അഭിപ്രായങ്ങളെയോ ലോകത്തിെൻറ പൊതുജനാഭിപ്രായങ്ങളെയോ മുഖവിലക്കെടുക്കുന്നില്ല. ഇതാണ് ഫലസ്തീനുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നിലനില്ക്കാന് കാരണം. ഫലസ്തീന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കുകയും ഒത്തുതീര്‍പ്പിന് ശ്രമം നടത്തുകയും ചെയ്തെങ്കിലും ഇസ്രായേല്‍ അതെല്ലാം നിരസിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള കാഴ്ചപ്പാട് സ്വീകരിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഇസ്രായേല്‍ സന്നദ്ധമാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ദുര്‍ഭരണം നടത്തുന്നവർ ഭിന്നിപ്പ് സൃഷ്ടിക്കുന്നു
വികസനവും ഭരണ നിര്‍വഹണവും മനുഷ്യാവകാശവുമെല്ലാം പരിഗണിക്കുന്നതാണ് ഇസ്ലാമിക സംസ്കാരം. ഇസ്ലാമിക സംസ്കാരങ്ങളെയും മുസ്ലിംകളെയും അടിച്ചമര്‍ത്താനാണ് ചില ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അവികസിതവും ദുര്‍ഭരണവും നടത്തുന്ന ചില ഭരണകൂടങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.ലോകത്തിലെ മറ്റു ജനങ്ങളുമായും സംസ്കാരങ്ങളുമായി ആര്‍ക്കും അടിസ്ഥാനപരമായ മാറ്റങ്ങളില്ല. എന്നിട്ടും മനുഷ്യരെ ജാതിയുടെയും മതത്തിെൻറയും പേരില്‍ വിഭജിക്കുന്നു. പഴയകാലവുമായി ബന്ധപ്പെടുത്തി അവരെ തരംതിരിക്കുകയും നരവംശപരമായുള്ള മാറ്റങ്ങളെ വിലകുറച്ചു കാണുകയുമാണ്. സംസ്കാരത്തെയും മതത്തെയും മാനവിക മൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ കാണുന്നത് മൂല്യവത്തായ കാഴ്ചപ്പാടാണ്. വികസനവും പരമാധികാരവും തമ്മിലുള്ള ബന്ധത്തെ മാനുഷിക വികസനമെന്നും അര്‍ഥമാക്കാം. പരസ്പര സഹകരണവും സഹായവുമില്ലാതെ പരമാധികാരത്തിെൻറ സാധ്യതകള്‍ തേടാനാവില്ല. സാമ്പത്തിക പിന്നാക്കാവസ്ഥയും പരാശ്രയത്വവുമുണ്ടാകുമ്പോള് രാജ്യത്തിന് പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ വളരെയേറെ പ്രയാസപ്പെടേണ്ടിവരും.
ഖത്തറിേൻറത് വികസനത്തിലൂന്നിയ നയങ്ങൾ
വികസനമാണ് പരമാധികാരത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും അടിസ്ഥാന ശില. ഈ കാഴ്ചപ്പാടിലാണ് വികസനത്തിന് ഖത്തര്‍ പ്രഥമ പരിഗണന നൽകുന്നത്. ദേശീയ വികസന നയം 2012- 2017, രണ്ടാമത് വികസന നയം 2018-2022 എന്നിവ നടപ്പാക്കുന്നതിലൂടെ ദേശീയ വീക്ഷണം 2030 നടപ്പാക്കുകയാണ് ഖത്തറിെൻറ ലക്ഷ്യം. ഇസ്ലാമിക വിശ്വാസങ്ങളുടെ ധാര്‍മിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തര്‍ വികസന നയം നടപ്പാക്കുന്നത്. സാമൂഹിക സാമ്പത്തിക പദ്ധതികളിലൂടെ ലോകത്തേക്ക് തുറക്കുന്നതിനോടൊപ്പം നീതിയുടെയും മാനുഷിക അവകാശങ്ങളുടേയും ആഗോള കാഴ്ചപ്പാടുമാണ് ഖത്തറിനുള്ളത്.
പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സുസ്ഥിരതയും ഒരുക്കുന്നതിലും വികസനം നടപ്പാക്കുന്നതിലും അന്താരാഷ്ട്ര സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയ അജണ്ടകള്‍ തടസ്സമാകാതെ വികസനം നടപ്പാക്കുന്നതിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും ചെറുക്കുന്നതിലും വിദ്യാഭ്യാസം നൽകുന്നതിലും ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുന്നതിലും ഖത്തര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ട്.
വേണ്ടത് സഹിഷ്ണുത; ബഹുസ്വരതയെ അംഗീകരിക്കൽ
മറ്റു വിശ്വാസങ്ങളോട് സഹിഷ്ണുത പുലര്‍ത്തുകയും ദൈവം ലോകത്ത് അവതരിപ്പിച്ച ബഹുസ്വരതയും വൈവിധ്യവും അംഗീകരിച്ച് മുന്നോട്ടുപോവുകയുമാണ് വേണ്ടത്. എന്നാല്‍, ആത്മവിശ്വാസമില്ലായ്മയും സ്വത്വപ്രതിസന്ധിയും അലട്ടുന്നവര്‍ മതഭ്രാന്തിനെ കൂട്ടുപിടിക്കുകയാണ്. ചിലര്‍ ആധുനിക കാലത്തും ചില മതത്തോടും സംസ്കാരത്തോടും വർഗീയത പ്രകടിപ്പിക്കുകയാണ്. നിരാശ, അജ്ഞത, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം മതഭ്രാന്തിനും വർഗീയതക്കും ആക്കം കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
മേഖല അന്താരാഷ്ട്രതലങ്ങളില്‍ ഈ വിഷയം സുരക്ഷ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. വികസനം നടക്കണമെങ്കില്‍ സ്ഥിരത വലിയ ഘടകമാണ്. പൊതുതാൽപര്യങ്ങള്, പ്രാദേശിക അന്തര്‍ദേശീയ ഉത്തരവാദിത്തങ്ങള്‍, അധികാരങ്ങളോടുള്ള പരസ്പര ബഹുമാനം, ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, വിദേശനയങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനം നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വികസനം നടപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
നീതിനടപ്പാക്കിയാലേ സംഘര്‍ഷം ഒഴിവാകൂ
നീതി നടപ്പാക്കുന്നതിലൂടെ മാത്രമേ സംഘര്‍ഷ മേഖലകളെ തിരികെ കൊണ്ടുവരാനും സ്ഥിരത കൈവരിക്കാനും സാധിക്കുകയുള്ളൂ. നിലവിലുള്ള അധികാരങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തര്‍ക്കങ്ങളില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് മനസ്സിലാക്കാനാവുന്നില്ല.
മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടെ ചിലര്‍ നടത്തുന്ന ഇരട്ടത്താപ്പുകള്‍ വലിയ പ്രതിസന്ധികളുണ്ടാക്കുന്നു. സ്വന്തം ജനതക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്ത ചിലരെ സഖ്യകക്ഷികളാക്കിയാണ് മറ്റു ചിലര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചിലരും ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര, അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. കാലങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് പരിഹരിക്കേണ്ടത്.
ബലപ്രയോഗത്തിലൂടെ ആരെയും അനുസരിപ്പിക്കാനാകില്ല
ബലപ്രയോഗം, ഉപരോധം, പട്ടിണി, ആജ്ഞ തുടങ്ങിയവയിലൂടെ ആരെയെങ്കിലും അനുസരിപ്പിക്കാമെന്നു കരുതുന്നതിനെ നിരാകരിക്കുന്നു. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങളിലൊഴികെ രാജ്യങ്ങള്‍ പരസ്പരം യുക്തിബോധത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. അന്താരാഷ്ട്ര ബന്ധങ്ങളോ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങളോ രാഷ്ട്രീയ വൈരാഗ്യത്തിന് വിധേയമാകരുത്. നീതിയാണ് എല്ലാ കാര്യങ്ങളിലെയും അവിഭാജ്യ ഘടകമെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
