മുൻവിധിയും വെറുപ്പും ഉപേക്ഷിക്കണമെന്ന് ബുദ്ധഭിക്ഷുക്കളോട് മാർപാപ്പ
text_fieldsയാംഗോൻ: മുൻവിധിയും വെറുപ്പും ഉപേക്ഷിക്കാൻ മ്യാന്മറിലെ ബുദ്ധഭിക്ഷുക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. തെൻറ നാലുദിന സന്ദർശനത്തിെൻറ ഭാഗമായി ബുദ്ധസന്യാസിമാരുടെ ഉന്നതസഭയായ ‘സംഘ’ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷം രാജ്യത്ത് കടുത്ത പീഡനം നേരിടുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ ആഹ്വാനം. എന്നാൽ, പ്രതികരണത്തിൽ അദ്ദേഹം ബുദ്ധസന്യാസിമാരെ ചൊടിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നാം െഎക്യപ്പെടണമെങ്കിൽ എല്ലാ തരത്തിലുള്ള തെറ്റിദ്ധാരണകളിൽനിന്നും അസഹിഷ്ണുതയിൽനിന്നും മുൻവിധിയിൽ നിന്നും മോചിതരാകണമെന്ന് മാർപാപ്പ പറഞ്ഞു. യാംഗോനിലെ ബുദ്ധക്ഷേത്രത്തിലാണ് കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ ദിവസം മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസംഗത്തിലും െഎക്യത്തിന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മ്യാന്മർ സർക്കാറിെൻറയും ബുദ്ധസന്യാസികളുടെയും എതിർപ്പുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ‘േറാഹിങ്ക്യ’ എന്ന് സംസാരത്തിൽ പ്രയോഗിച്ചിരുന്നില്ല.
കൂടിക്കാഴ്ചക്ക് മുന്നോടിയായി മാർപാപ്പ യാംഗോനിൽ കുർബാന അർപ്പിച്ചു. ഒന്നര ലക്ഷത്തോളം വിശ്വാസികളാണ് ഇവിടെ എത്തിച്ചേർന്നത്. റോഹിങ്ക്യൻ ജനസംഖ്യയുടെ ഒരു ശതമാനത്തിലേറെ മാത്രമാണ് ക്രിസ്ത്യൻ വിശ്വാസികൾ. പലരും വിദൂര പ്രദേശങ്ങളിൽനിന്ന് കാൽനടയായാണ് ദിവ്യബലി ചടങ്ങിനെത്തിയത്.