വിവരം ചോർത്തിയ ഉപദേഷ്ടാവിനെ പുറത്താക്കൽ; പാക് സൈന്യവും സർക്കാരും രണ്ടു തട്ടിൽ
text_fieldsഇസ്ലാമാബാദ്: അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർത്തിയ ഉന്നതതല ഉദ്യോഗസ്ഥനെ പുറത്താക്കുന്ന നടപടിയിൽ പാക് സർക്കാരും സൈനിക നേതൃത്വവും രണ്ടു തട്ടിൽ. ഉന്നതതല സുരക്ഷ യോഗത്തിെൻറ വിവരങ്ങൾ ചോർത്തി നൽകിയ വിദേശകാര്യ പ്രത്യേക ഉപദേഷ്ടാവിനെ പുറത്താക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ നീക്കം സൈന്യം തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത മറനീക്കിയത്. താരിഖ് ഫാതിമിക്കെതിരായ റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് സൈനിക നേതൃത്വം സർക്കാർ നിർദേശം തള്ളിയത്.
ഡോൺ പത്രത്തിന് വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിലാണ് താരിഖ് ഫാതിമിയെ പുറത്താക്കാൻ സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ സൈന്യം രംഗത്തെത്തിയതോടെ ശരീഫ് പ്രതിരോധത്തിലായി. കഴിഞ്ഞ ഒക്ടോബറിലണ് സംഭവം നടന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തെ കുറിച്ച് പാക്സൈന്യവും സർക്കാരും തമ്മിലുള്ള ഭിന്നത ഡോൺ മുഖ്യവാർത്തയാക്കുകയായിരുന്നു. പാകിസ്താനിൽനിന്നു പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ സംബന്ധിച്ച് സിവിലിയന്മാരും സൈനിക മേധാവികളും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയായിരുന്നു വാർത്തയുടെ പ്രതിപാദ്യം. ഇന്ത്യക്കും അഫ്ഗാനിസ്താനുമെതിരെയുള്ള ഒളിയുദ്ധത്തിന് ഇരു സംഘങ്ങളും ഒന്നിച്ചു നിൽക്കുന്നതായും സൂചിപ്പിച്ചിരുന്നു.
വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് കഴിഞ്ഞ വർഷം ,വിരമിച്ച ജഡ്ജി ആമിർ റാസാഖാൻ അധ്യക്ഷനായുള്ള പ്രത്യേക കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഫാതിമിയുടെ പങ്ക് വ്യക്തമായതിനാൽ ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന അന്വേഷണ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നായിരുന്നു ശരീഫിെൻറ നടപടി. ഡോൺ പത്രത്തിെൻറ എഡിറ്റർ സഫർ അബ്ബാസിനും റിപ്പോർട്ടർ സിറിൽ അൽമെയ്ദക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാകിസ്താൻ ന്യൂസ്പേപ്പർസ് സൊസൈറ്റിയോട് ആവശ്യപ്പെടുമെന്നും ശരീഫ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
