നേപ്പാളില്ലാതെ ഇന്ത്യയുടെ ചരിത്രവും വിശ്വാസവും രാമനും അപൂർണം: മോദി
text_fieldsജനക്പുർ: നേപ്പാളില്ലാതെ ഇന്ത്യയുടെ ചരിത്രവും വിശ്വാസവും അപൂർണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതയുടെ ജന്മദേശമായ ജനക്പുരും രാമന്‍റെ ജന്മസ്ഥലമായ അയോധ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന രാമായണ ബസ് സർക്യൂട്ടിന്‍റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അയോധ്യയിൽ നിന്ന് ജനക്പുരിലേക്ക് 225 കിലോമീറ്റർ ദൂരമാണുള്ളത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന മൂന്നാമത്തെ നേപ്പാൾ സന്ദർശനമാണ് ഇത്.
നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ ഇന്ത്യാസന്ദർശനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നേപ്പാളിലെത്തിയത്. ഇന്ത്യയും നേപ്പാളും തമ്മിൽ നൂറ്റാണ്ടുകൾ നീണ്ട സുദൃഢ ബന്ധമാണുള്ളത്. അയൽക്കാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും മെച്ചപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം എന്ന് മോദി വ്യക്തമാക്കി.
ബസ് സർക്യൂട്ടിന്‍റെ ഉദ്ഘാടന ശേഷം നേപ്പാളിലെ പ്രൊവിൻഷ്യൽ സർക്കാർ മോദിയെ വരവേൽക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനം പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സന്ദർശിക്കുന്ന ജനക്പുർ, കാഠ്മണ്ഡു, മുക്തിനാഥ് എന്നിവിടങ്ങളിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി 11,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
ഇന്ന് വൈകീട്ട് മോദിയും കെ.പി ശർമ ഒലിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. നേപ്പാൾ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കൾ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രവും മോദി സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
