ആസിയാൻ: മോദി ട്രംപിനെ കണ്ടു
text_fieldsമനില: മുപ്പത്തിയൊന്നാമത് ആസിയാൻ ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ എത്തി. രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ വിരുന്നിൽ പെങ്കടുത്ത പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്, റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരെ കണ്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാെൻറ അമ്പതാം വാർഷികമെന്ന സവിശേഷതയും ഇത്തവണയുണ്ട്. തെക്കൻ ചൈനകടലിലെ പ്രശ്നം, ഉത്തര കൊറിയയുടെ മിസൈൽപരീക്ഷണം, തീവ്രവാദം, മേഖലയുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ച നടത്തും.
രണ്ടുദിവസമായി നടക്കുന്ന ഉച്ചകോടിക്കായി എത്തിയ ഡോണൾഡ് ട്രംപിന് പുറമെ ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ, റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് തുടങ്ങിയവരുമായി പ്രധാനമന്ത്രി പിന്നീട് കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയോടനുബന്ധിച്ച് സമ്മേളനങ്ങളും നടക്കും. നരേന്ദ്ര മോദി ചൊവ്വാഴ്ചയാണ് ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുക. മേഖലയിലെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുപുറമേ ലോകസുരക്ഷക്ക് ഭീഷണിയായ ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ രാജ്യങ്ങൾ സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും. പ്രധാനമന്ത്രി മൂന്നു ദിവസം ഫിലിപ്പീൻസിലുണ്ടാകും.
ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഞായറാഴ്ച ചർച്ച നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുകയായിരുന്നു ചർച്ചയിലെ പ്രധാനവിഷയമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
