സിറിയയുടെ നെഞ്ചുതകർത്ത് ഇരട്ട സൈനിക നീക്കങ്ങൾ; അഭയം തേടി പതിനായിരങ്ങൾ
text_fieldsഡമസ്കസ്: സിറിയയുടെ ദക്ഷിണ, ഉത്തര മേഖലകളിൽ രക്തരൂഷിതമായി തുടരുന്ന ഇരട്ട സൈനിക നീക്കങ്ങൾ സിവിലിയൻ ദുരന്തവും ഇരട്ടിയാക്കി. ഡമസ്കസിനോടു ചേർന്ന കിഴക്കൻ ഗൂതയിൽ വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പിന്തുണയോടെ സിറിയൻ സേനയും അതിർത്തി മേഖലയായ അഫ്റിനിൽ തുർക്കി സേനയുമാണ് ആക്രമണം ശക്തമാക്കിയത്. ഇതോടെ, ഇരു നഗരങ്ങളിൽ നിന്നുമായി ദിവസവും ആയിരങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങൾ തേടി നാടുവിടുന്നത്.
പ്രതിപക്ഷമായ ‘സ്വതന്ത്ര സിറിയൻ സേന’യെ മുന്നിൽ നിർത്തിയാണ് കുർദ് നിയന്ത്രണത്തിലായിരുന്ന അഫ്റിൻ പട്ടണം തുർക്കി പിടിച്ചെടുത്തത്. വിജയം കുറിച്ച് നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ സിറ്റി സെൻററിൽ തുർക്കി പതാക ഉയർത്തിയതായി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30ഒാടെയാണ് അഫ്റിൻ നഗരത്തിെൻറ പതനം പൂർത്തിയായത്.
യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കുർദ് പീപ്ൾസ് െപ്രാട്ടക്ഷൻ (ൈവ.പി.ജി) സേനക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് തുർക്കി ആക്രമണം ആരംഭിച്ചത്. തുർക്കിയിലെ നിരോധിത കുർദ് സംഘടനയായ പി.കെ.കെയുമായി ബന്ധം ആരോപിച്ചായിരുന്നു വൈ.പി.ജിക്കെതിരെ ആക്രമണം. വൈ.പി.ജിക്ക് സഹായം നൽകാനുള്ള യു.എസ് നീക്കം തുർക്കിയുമായി നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുർക്കി അഫ്റിൻ പിടിച്ചതിനോട് യു.എസ് പ്രതികരിച്ചിട്ടില്ല.
തലസ്ഥാന നഗരത്തിനു സമീപത്തെ ഗൂതയിൽ സംഘട്ടനം അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ മൂന്നു ദിവസങ്ങൾക്കിടെ 50,000 പേർ നാടുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹമൂരിയ, ഹറസ്ത മേഖലകളിൽ നിന്നാണ് കൂട്ടപ്പലായനം. ഗൂതയുടെ 80 ശതമാനം മേഖലകളും നിയന്ത്രണത്തിലാക്കിയ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സേന വരുംദിവസങ്ങളിൽ വിജയം സമ്പൂർണമാക്കിയേക്കും.
നിരവധി ചെറുപട്ടണങ്ങളും കൃഷിഭൂമികളുമുള്ള 105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കിഴക്കൻ ഗൂതയിൽ വിമത സേനകൾക്ക് നിയന്ത്രണം നഷ്ടമായ നിലയിലാണ്. ഇസ്ലാം സേന, ഫൈലഖ് അൽറഹ്മാൻ, അഹ്റാറുശ്ശാം, ലെവാൻറ് ലിബറേഷൻ സേന എന്നീ വിമത സേനകളാണ് ഇവിടെ സജീവമായുണ്ടായിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 18ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 1,394 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 271 കുരുന്നുകളും 173 സ്ത്രീകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
