വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈനികൻ വെടിവെച്ചുകൊന്നു
text_fieldsതെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബി സാലിഹ് ഗ്രാമത്തിൽ ഇസ്രായേൽ സൈനികൻ ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നു. ൈസന്യത്തിനുനേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. ഇസ്സുദ്ദീൻ തമീമി എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. യുവാവിെൻറ കഴുത്തിൽ മൂന്നു തവണയാണ് വെടിവെച്ചത്. വെടിയേറ്റുകിടന്ന തമീമിക്ക് ചികിത്സ നൽകാനും സൈനികർ അനുവദിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റുകിടക്കുന്ന യുവാവിെൻറ വിഡിയോ യൂട്യൂബിൽ നാട്ടുകാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ പരിശോധനക്കിടെ തങ്ങളുടെ സൈനികനുനേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് വെടിവെച്ചതെന്ന് ഇസ്രായേൽ വൃത്തങ്ങൾ പ്രതികരിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കയാണ്. കഴിഞ്ഞ മാർച്ച് 30നുശേഷം 120ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഗസ്സ അതിർത്തിയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ നഴ്സ് റസാൻ അൽ നജ്ജാറിനെ വധിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
