ഇംറാൻ ഖാന് സമാധാന നൊബേൽ നൽകണമെന്ന് ആവശ്യം
text_fieldsലാഹോർ: ഇന്ത്യയുമായുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നതു കണക്കിലെടുത്ത് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യമുയർന്നു. പാക് കസ്റ്റഡിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള തീരുമാനം ഇന്ത്യ-പാക് സംഘർഷത്തിന് അയവുവരുത്തുമെന്നാണ് അഭിപ്രായമുയരുന്നത്.
ദേശീയ അസംബ്ലിയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം സമർപ്പിച്ചിട്ടുണ്ട്. പ്രമേയം തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ ചർച്ചക്കിടും. വിവരാവകാശ മന്ത്രി ഫവാദ് ചൗധരിയാണ് ശനിയാഴ്ച പ്രമേയം അധോസഭയിൽ സമർപ്പിച്ചത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ പിന്താങ്ങുമോ എന്നത് കണ്ടറിയണം.
കൂടാതെ ഇംറാന് പുരസ്കാരം നൽകണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ വ്യാപക കാമ്പയിനും നടക്കുന്നുണ്ട്. നൊബേൽ നൽകണമെന്നാവശ്യപ്പെട്ട് 2,00,000 പേർ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാകിസ്താെൻറ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചത്. സമാധാനം മുൻനിർത്തി കമാൻഡറെ വിട്ടയക്കുന്നുവെന്നാണ് ഇംറാൻ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
