കശ്മീർ: യു.എന്നിലെ പാക് പ്രതിനിധിയെ ഇമ്രാൻ മാറ്റി
text_fieldsഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിസ്ഥാനത്തുനിന്നു ഡോ. മലീഹ ലോധിയെ മാറ്റി പകരം മുനീർ അക്രമിനെ നിയമിച്ചു. പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എസിൽനിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി. പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.
കശ്മീർ വിഷയം യു.എൻ പൊതുസഭയെ ബോധിപ്പിക്കുന്നതിലെ ലോധിയുടെ പ്രവർത്തനങ്ങളിൽ ഇംറാന് അനിഷ്ടമുണ്ടായതായാണ് കരുതുന്നത്. 2002 മുതൽ 2008 വരെ അക്രം യു.എന്നിലെ പാകിസ്താെൻറ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്നു.
ബേനസീർ ഭുട്ടോ വധം സംബന്ധിച്ച കേസ് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചതിലെ വിയോജിപ്പ് കാരണം അന്നത്തെ പാക് പ്രസിഡൻറ് ആസിഫ് അലി സർദാരി ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.2002 ഡിസംബറിൽ പെൺസുഹൃത്തായ മാരിയാന മിഹിക് ഗാർഹിക പീഡനത്തിന് അക്രത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. ഈ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കപ്പെട്ടതായും നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇദ്ദേഹത്തിനെതിെര കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. യു.എൻ ആവശ്യപ്രകാരം അക്രത്തെ പാകിസ്താൻ പിൻവലിക്കുകയായിരുന്നു.
കറാച്ചി സർവകലാശാലയിൽ പഠിച്ച അക്രം പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ (യു.എൻ) ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്ന ഖലീൽ അഹ്മദ് ഹശ്മിയെ ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധിയായും നിയമിച്ചു.