ഇംറാൻ ഖാന് തിരിച്ചടി; കശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിൽ ഉന്നയിക്കാനാവില്ലെന്ന് നിയമ മന്ത്രാലയം 

21:25 PM
13/09/2019
Imran Khan

ഇസ്​ലാമാബാദ്: കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കാനാവില്ലെന്ന് പാക് നിയമ മന്ത്രാലയം പ്രധാനമന്ത്രി ഇംറാൻ ഖാനെ അറിയിച്ചു. കശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിൽ ഉന്നയിക്കുമെന്ന് ഇംറാൻ ഖാൻ നേരത്തെ പറഞ്ഞിരുന്നു. 

കശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിൽ ഉന്നയിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയില്ലെന്ന് നിയമമന്ത്രാലയം ഇംറാൻ ഖാനെ അറിയിച്ചു. അതിനാൽ കേസ് നിലനിൽക്കില്ല. എന്നിരുന്നാലും, ഐക്യരാഷ്ട്രസഭ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കാമെന്നും അതുവഴി അന്താരാഷ്ട്ര കോടതിയിലെത്തിക്കാമെന്നും നിയമോപദേശം നൽകിയിട്ടുണ്ട്. 

അതിനിടെ, ഇന്ത്യക്കെതിരെ ഇംറാൻ ഖാൻ വീണ്ടും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ജമ്മു കശ്മീരിൽ ഇന്ത്യ കൈക്കൊണ്ട നടപടികൾ ഇന്ത്യൻ മുസ്​ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് ഇംറാൻ ഖാൻ പറഞ്ഞു. പാക് അധീന കശ്മീരിലെ മുസഫറാബാദിൽ നടന്ന കശ്മീർ ഐക്യദാർഢ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യൻ സൈന്യം കശ്മീരിലെ ജനങ്ങളെ അടിച്ചമർത്തുന്നതിലൂടെ അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. മുസ്​ലിംകൾക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലെന്നാണ് കശ്മീർ നടപടി വ്യക്തമാക്കുന്നത്. മറ്റാരും ഇന്നുവരെ സ്വീകരിക്കാത്ത നിലപാടാണ് താൻ കശ്മീരിനായി സ്വീകരിക്കുന്നത്. ലോകത്തിന് മുന്നിൽ കശ്മീരിന്‍റെ അംബാസഡറായി സംസാരിക്കുമെന്നും ഇംറാൻ ഖാൻ പറഞ്ഞു. 

കശ്മീരിലെ പ്രശ്നം മനുഷ്യാവകാശ പ്രശ്നമാണ്. 40 ദിവസമായി കശ്മീരിലെ സഹോദരങ്ങളും കുട്ടികളും നിരോധനാജ്ഞക്ക് കീഴിലാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉയർത്തി സംസാരിക്കും. കശ്മീരിലെ ജനങ്ങളെ നിരാശപ്പെടുത്തില്ല -ഇംറാൻ ഖാൻ പറഞ്ഞു. 

Loading...
COMMENTS