ദക്ഷിണ കൊറിയയുടെ യുദ്ധരഹസ്യങ്ങൾ പുറത്ത്
text_fieldsപ്യോങ്യാങ്: നേതാവ് കിം േജാങ് ഉന്നിനെ വധിക്കുന്നതടക്കം ഉത്തര കൊറിയക്കെതിരെ വൻ ആക്രമണത്തിന് യു.എസും ദക്ഷിണ കൊറിയയും പദ്ധതിയിട്ടതായുള്ള വിവരങ്ങൾ പുറത്ത്. ഉത്തര കൊറിയൻ ചാരന്മാർ ദക്ഷിണ കൊറിയയുടെ സൈനികരഹസ്യങ്ങൾ ചോർത്തിയപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റിപ്പോർട്ടിനെക്കുറിച്ച് ദക്ഷിണ കൊറിയ പ്രതികരിച്ചിട്ടില്ല. എന്നാൽ, പ്രതിരോധമന്ത്രാലയത്തിെൻറ ഡാറ്റ സെൻററിൽനിന്ന് സൈനിക രഹസ്യം സംബന്ധിച്ച 235 ജി.ബി ഡാറ്റ ചാരന്മാർ ചോർത്തിയതായി അവർ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാക്കിങ് നടന്നത്.
കഴിഞ്ഞ മേയിൽ ഉത്തര കൊറിയ സൈബർ ആക്രമണം നടത്തിയതായി ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. എന്നാൽ, ഏതുതരത്തിലുള്ള രേഖകളാണ് ചോർത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആരോപണം ഉത്തര കൊറിയ നിഷേധിക്കുകയായിരുന്നു. ദക്ഷിണ കൊറിയയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്നും അവർ കുറ്റപ്പെടുത്തി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയക്കെതിരെ യുദ്ധപ്രഖ്യാപനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.
ഉത്തര കൊറിയക്കെതിരെ ഒരേയൊരു നടപടി മാത്രമേ ഫലപ്രദമാവുകയുള്ളൂവെന്ന് യുദ്ധസൂചനയുമായി അടുത്തിടെ ട്വിറ്ററിൽ ട്രംപ് കുറിച്ചിരുന്നു. ഉത്തര കൊറിയക്ക് പ്രത്യേക പരിശീലനം ലഭിച്ച 6800 സൈബർ വിദഗ്ധരുണ്ടെന്നാണ് കണക്ക്. 2014ലും ദക്ഷിണ കൊറിയക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന് ആരോപണമുയർന്നു.