ട്രംപുമായി ചർച്ച പരാജയം; അഞ്ച് ഉദ്യോഗസ്ഥർക്ക് ഉത്തരകൊറിയയിൽ വധശിക്ഷ
text_fieldsസിയോൾ: അമേരിക്കയുമായുള്ള ഹനോയ് ഉച്ചകോടി പരാജയപ്പെട്ടതിന് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധശിക്ഷക്ക ് വിധേയരാക്കി. ദക്ഷിണ കൊറിയൻ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിയറ്റ്നാം തലസ്ഥാനമായ ഹനോയിൽ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്ച. ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകൾ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത കിംഹ്യോക്കിനെയും മറ്റു നാലു ഉദ്യോഗസ്ഥരെയും 'പരമോന്നത നേതാവിനെ വഞ്ചിച്ചു" എന്ന് കുറ്റം ചുമത്തി വെടിെവച്ച് കൊല്ലുകയായിരുന്നു. മാർച്ചിൽ മിരിം വിമാനത്താവളത്തിൽ നടപ്പാക്കിയ വധശിക്ഷയിലെ മറ്റു നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കിം ജോങ് ഉന്നിെൻറ പരിഭാഷക ഷിൻ ഹ്യേ യോങിനെ ഉച്ചകോടിയിൽ സംഭവിച്ച പിഴവിന് തടവിലാക്കിയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ചർച്ചക്കിടെ ട്രംപ് "നോ ഡീൽ" എന്ന് വ്യക്തമാക്കി ടേബിളിൽനിന്ന് എഴുന്നേറ്റപ്പോൾ കിം ജോങ് ഉന്നിെൻറ പുതിയ നിർദേശം വിവർത്തനം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പരിഭാഷകക്കെതിരെ ചുമത്തിയ കുറ്റം. വാർത്ത സംബന്ധിച്ച് ദക്ഷിണ കൊറിയ പ്രതികരിച്ചിട്ടില്ല.
ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ഹനോയ് ഉച്ചകോടിയിലെ പ്രധാന ചർച്ച. ഉച്ചകോടി പരാജയപ്പെട്ടതിനാൽ രാഷ്ട്രത്തലവൻമാരുടെ സംയുക്ത പ്രസ്താവനയോ വിരുന്നോ ഉണ്ടായിരുന്നില്ല.