മൊബൈലും േഡറ്റ കണക്ഷനും വേണോ? ‘മുഖം സ്കാൻ ചെയ്യണം’
text_fieldsബെയ്ജിങ്: ചൈനയിൽ പുതിയ മൊബൈൽ വാങ്ങാനും േഡറ്റ കണക്ഷൻ എടുക്കാനും മുഖം സ്കാൻ ചെയ്യണം. രാജ്യത്തെ ഇൻറര്‍നെറ്റ് ഉപയോക്താക്കളുടെ കണക്കെടുക്കുന്നതിെൻറ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച നടപടിയാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലായത്. സൈബര്‍ ഇടത്തിൽ രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് സർക്കാറിെൻറ വാദം.
ജനസംഖ്യ കണക്കെടുപ്പിനായി നിലവിൽ മുഖം തിരിച്ചറിയൽ (ഫേസ് റെക്കഗ്നിഷ്യൻ) സാേങ്കതിക വിദ്യയാണ് ചൈന ഉപയോഗിക്കുന്നത്. രാജ്യം മുഴുവൻ ഈ സാങ്കേതിക വിദ്യ വ്യാപകമാക്കിയത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോ േഡറ്റ കണക്ഷന് എടുക്കുന്നതിനോ ചൈനീസ് പൗരര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയായിരുന്നു ഇതുവരെ. കൈവശമുള്ള ഫോട്ടോയും നൽകണം.
എന്നാല്‍, പുതിയ നിയമപ്രകാരം തിരിച്ചറിയൽ രേഖയിലുള്ള ആൾതന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പൗരന്മാർക്ക് തങ്ങളുടെ മുഖം സ്കാന്‍ ചെയ്യേണ്ടി വരും. രാജ്യത്തെ ജനസംഖ്യാ തോത് നിരീക്ഷിക്കുന്നതിനുവേണ്ടിയും കുറ്റവാളികളെ എളുപ്പം കണ്ടു പിടിക്കുന്നതിനുവേണ്ടിയും പൊതുസ്ഥലങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ചൈന നിലവില്‍ ഉപയോഗിക്കുന്നുണ്ട്.
2017ൽ വെബ്സൈറ്റുകളിൽ ലേഖനങ്ങൾ എഴുതുന്ന ആളുകളെ നിരീക്ഷിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയത് ഒരുദാഹരണം. നിയമം കർക്കശമാക്കിയതോടെ രാജ്യത്തെ ജനങ്ങളെ മുഴുവൻ നിരീക്ഷണ വലയത്തിലാക്കുകയാണ് സർക്കാറെന്ന് ആശങ്കയുയർന്നിട്ടുണ്ട്. 17 കോടി നിരീക്ഷണ കാമറകളാണ് ചൈനയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മുഖം തിരിച്ചറിയല്‍ സാങ്കതികവിദ്യ ഉള്ളതാണ്. കാമറകളുടെ എണ്ണം 2020ഓടെ 40 കോടി ആക്കാനാണ് ഉദ്ദേശിക്കുന്നത്.