കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുരന്തത്തിൽപ്പെട്ട വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിലേറെയും തിരിച്ചറിയാനാവാത്ത വിധം കത്തിയമർന്നപ്പോൾ ബസന്ധ ബൊഹോറക്ക് ലഭിച്ചത് ‘രണ്ടാം ജൻമം’. തകർന്നുവീണ് തീപിടിച്ച വിമാനത്തിെൻറ ജനൽ തകർത്താണ് ട്രാവൽ ഏജൻറായിരുന്ന യുവാവ് പുറത്തുകടന്നത്. തലക്കും കാലുകൾക്കും പരിക്കേറ്റ് ചികിത്സയിലാണെങ്കിലും സഹയാത്രക്കാരേറെയും ദുരന്തത്തിനിരയായിടത്ത് താൻ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാൻ ഇപ്പോഴുമാകുന്നില്ല യുവാവിന്. ‘‘പെെട്ടന്നായിരുന്നു വിമാനം ഒന്നാകെ കുലുങ്ങുന്നതും വൻശബ്ദത്തോടെ വീഴുന്നതും. ജനലിനരികെയായിരുന്നു ഇരുന്നത്. ജനൽ തകർത്ത് പുറത്തെത്താൻ സാധിച്ചത് രക്ഷയായി’’ -ബസന്ധ പറഞ്ഞു.
നാലു ജീവനക്കാരും 67 യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽ ഇടിച്ചുവീണ വിമാനം സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിലേക്ക് വീണ് തീപിടിക്കുകയായിരുന്നു. ദുരന്തത്തിൽ പല ഭാഗങ്ങളായി ചിതറിയ വിമാനത്തിൽനിന്ന് ശ്രമകരമായാണ് പലരും രക്ഷപ്പെട്ടത്. വിമാനം ഇറങ്ങാൻ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ, നിർദേശിച്ച ഭാഗത്തുകൂടിയല്ല ഇറങ്ങിയതെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. പൈലറ്റ് പെെട്ടന്ന് വിമാനത്തിെൻറ ദിശ മാറ്റിയത് എന്തുകൊണ്ടെന്ന് വ്യക്തമായിട്ടില്ല. തീപിടിച്ചെങ്കിലും വളരെ പെെട്ടന്ന് നിയന്ത്രണ വിധേയമാക്കാനായെങ്കിലും ദുരന്ത വ്യാപ്തി കുറക്കാനായില്ല. പുകഞ്ഞുനിന്ന വിമാന ഭാഗങ്ങളിൽനിന്ന് ഏറെ ശ്രമകരമായാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.