ഈസ്റ്റർ ആക്രമണം: ശ്രീലങ്കയിൽ രാജിവെച്ച നാലുമന്ത്രിമാർ വീണ്ടും മന്ത്രിസഭയിൽ
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ ആക്രമണത്തെ തുടർന്ന് രാജിവെക്കാൻ നിർബ ന്ധിതരായ നാലു മുസ്ലിം മന്ത്രിമാർ മന്ത്രിസഭയിൽ തിരികെ പ്രവേശിച്ചു. ആക്രമണം നടത്തിയ ഭീകരസംഘടനകളുമായി ഇവർക്ക് ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് മന്ത്രിസഭയിൽ തിരിച്ചെടുത്തത്.
ശ്രീലങ്ക മുസ്ലിം കോൺഗ്രസ് നേതാവ് റഊഫ് ഹഖീം, ഓൾ സിലോൺ മക്കൾ കോൺഗ്രസ് നേതാവ് റിഷാദ് ബദിയുദ്ദീൻ എന്നിവരും രണ്ട് ഡെപ്യൂട്ടികളുമാണ് അധികാരമേറ്റത്. ഈസ്റ്റർ ദിന ആക്രമണത്തിൽ മുസ്ലിം മന്ത്രിമാർക്ക് പങ്കുണ്ടെന്ന് ബുദ്ധസന്യാസികൾ രംഗത്തുവന്നതിനെ തുടർന്നാണ് ഇവർ രാജിവെച്ചത്. ഒമ്പതു മന്ത്രിമാരും രണ്ട് പ്രവിശ്യ ഗവർണർമാരുമാണ് രാജിവെച്ചിരുന്നത്.