ചൈനീസ് വധുക്കളാകാൻ 629 പാക് പെൺകുട്ടികളെ കടത്തിയതായി റിപ്പോർട്ട്
text_fieldsലാഹോർ: രണ്ടുവർഷത്തിനിടെ ചൈനീസ് പുരുഷന്മാരുടെ വധുക്കളാക്കാൻ പാകിസ്താനിൽനിന്ന് ദരിദ്രരായ പെൺകുട്ടികളെയും യുവതികളെയും കടത്തിയതായി റിപ്പോർട്ട്. 629 പാക് പെൺകുട്ടികളെ ചൈനയിലേക്കു കടത്തിയതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന പാക് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നാണ് എ.പിക്ക് വിവരങ്ങൾ ലഭ്യമായത്. 2018 മുതൽ മനുഷ്യക്കടത്തിനിരയായവരുടെ പട്ടികയടക്കം ഇതിലുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഇടപെടൽവഴി ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, അന്വേഷണം ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ഭീതിമൂലം അവസാനിപ്പിക്കാൻ അധികൃതരിൽനിന്ന് സമ്മർദമുണ്ടായതായി ഉദ്യോഗസ്ഥർ ആരോപിച്ചു. ഇതിനു പുറമെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കേസിലെ പ്രതികളെ പാകിസ്താൻ കോടതി വെറുതെ വിട്ടിരുന്നു. മനുഷ്യക്കടത്തിന് പിടിയിലായ 31 ചൈനീസ് പൗരന്മാരെ ഒക്ടോബറിൽ ഫൈസലാബാദ് കോടതിയാണ് വെറുതെവിട്ടത്.
സാക്ഷിപറയാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യമാണുണ്ടായിരുന്നതെന്ന് കോടതി ജീവനക്കാരനും അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞു. പണം നൽകിയോ ഭീഷണിപ്പെടുത്തിയോ ഇരകളേയും ബന്ധുക്കളേയും മനുഷ്യക്കടത്ത് മാഫിയ നിശ്ശബ്ദരാക്കി. വായടക്കാൻ മനുഷ്യക്കടത്ത് മാഫിയക്കു സാധിക്കുന്നതാണ് ഇതിനു കാരണം. സാക്ഷിപറയാൻ ആദ്യം തയാറായ ചിലർ ഭീഷണിയെ തുടർന്ന് പിന്നീട് രംഗത്തുവന്നില്ല.അന്വേഷണം നടത്തിയ െഫഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥർക്ക് സർക്കാറിൽനിന്ന് കടുത്ത സമ്മർദമുണ്ടായിരുന്നു. ഇവരിൽ പലരെയും സ്ഥലം മാറ്റിയതായി മനുഷ്യക്കടത്തിന് വിധേയരായ ഒട്ടേറെ കുഞ്ഞുങ്ങളെ രക്ഷിച്ച ക്രിസ്ത്യൻ ആക്ടിവിസ്റ്റ് സലീം ഇഖ്ബാൽ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ പാക് ആഭ്യന്തര-വിദേശ മന്ത്രിമാർ വിസമ്മതിച്ചു. മനുഷ്യക്കടത്തു മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത് പാകിസ്താനിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്നുള്ളവരെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗമെന്ന നിലയിലാണ് ഇവർ മനുഷ്യക്കടത്തിനിരയാവുന്നത്.
ഒറ്റക്കുട്ടി നയവും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരുള്ള ചൈനയിൽ വിദേശ വധുക്കളുടെ ആവശ്യം രാജ്യത്തിെൻറ ജനസംഖ്യ നിലനിർത്താൻ അത്യാവശ്യമാണ്. പാകിസ്താനിലേതിന് സമാനമായി മ്യാന്മറിൽനിന്ന് വധുക്കളെ കടത്തുന്നത് സംബന്ധിച്ച് ഹ്യൂമൻ റൈറ്റസ് വാച്ച് ഈ മാസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കംബോഡിയ, ഇന്തോനേഷ്യ, നേപ്പാൾ, ഉത്തര കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നും കടത്തുന്നുണ്ട്. ചൈനീസ് വരെൻറയും കുടുംബത്തിെൻറയും പക്കൽനിന്നു 40 ലക്ഷം മുതൽ ഒരു കോടി രൂപവരെയാണ് മാഫിയ കൈപ്പറ്റുന്നത്. എന്നാൽ, പെൺകുട്ടിയുെട വീട്ടുകാർക്ക് രണ്ടു ലക്ഷം വരെ മാത്രമാണ് ലഭിക്കുന്നത്. ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ള പെൺകുട്ടികളാണു മനുഷ്യക്കടത്തിെൻറ മുഖ്യ ഇരകൾ. ചൈനയിലെ പുരുഷന്മാർക്കു വിവാഹം ചെയ്തു നൽകാനെന്ന പേരിൽ മാതാപിതാക്കൾക്ക് പണം നൽകി കൊണ്ടുപോകുന്ന മിക്ക പെൺകുട്ടികളുടെയും അവസ്ഥ ദയനീയമാണ്.
മിക്കവരും ചൈനയിൽ ഉപേക്ഷിക്കപ്പെടുകയോ വേശ്യാവൃത്തിക്ക് വിധേയരാവുകയോ ചെയ്യുന്നു. ക്രൂര മർദനമേറ്റ് വീട്ടുതടങ്കലിൽ കഴിയുന്ന പെൺകുട്ടികൾ സഹായം തേടി ഫോൺ വിളിച്ചാലും അവഗണിക്കപ്പെടുന്ന സാഹചര്യമാണ്. ഇതിനിടയിലും തടവിൽനിന്നു മോചിതരായി തിരികെ എത്തിയവരിൽനിന്നാണ് വിവരങ്ങൾ പുറംലോകമറിയുന്നത്.അതേസമയം, ഇത്തരമൊരു പട്ടികയെ കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ പാലിച്ച് ഇരുരാജ്യങ്ങളിലേയും ജനങ്ങൾ പരസ്പരം ചേർന്ന് സന്തുഷ്ട കുടുംബങ്ങളുണ്ടാക്കുന്നതിനെ ചൈനയും പാകിസ്താനും പിന്തുണക്കും. എന്നാൽ, അതിർത്തി കടന്നുള്ള അനധികൃത വിവാഹങ്ങളെ എതിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിമാനയാത്രക്കളുടെ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്ന പാകിസ്ഥാെൻറ ഇൻറഗ്രേറ്റഡ് ബോർഡർ മാനേജ്മെൻറ് സിസ്റ്റത്തിൽനിന്നാണ് മനുഷ്യക്കടത്തിന് ഇരയായ 629 പേരുടെ പട്ടിക ലഭിച്ചത്. പെൺകുട്ടികളുടെ പൗരത്വം, അവരുടെ ചൈനീസ് ഭർത്താക്കന്മാരുടെ പേരുവിവരങ്ങൾ വിവാഹത്തീയതി തുടങ്ങിയവ ഇതിലുണ്ട്. 2018നും 2019 ഏപ്രലിനും ഇടയിലാണ് മിക്ക വിവാഹങ്ങളും നടന്നിരിക്കുന്നത്. എന്നാൽ, ഈ പട്ടിക തയാറാക്കുന്നതിനു മുമ്പും ശേഷവും എത്ര പെൺകുട്ടികൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല. മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസി സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 52 ചൈനക്കാർക്കും 20 പാക് ഇടനിലക്കാർക്കുമെതിരെ കേസെടുത്തതായി പറയുന്നു.
എഷ്യയുടെ മറ്റു ഭാഗങ്ങളുമായി ചൈനയെ ബന്ധിപ്പിക്കുന്ന സിൽക്ക് പാത പുനർനിർമിക്കുന്നതിെൻറ ഭാഗമായി 7500 കോടി ഡോളറിെൻറ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവഴി റോഡ് നിർമാണം, ഊർജ നിലയങ്ങൾ മുതൽ കൃഷി ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിശാല പാക്കേജാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയുമായുള്ള അടുത്ത വ്യാപാരബന്ധം കാരണം, പാകിസ്താൻ സ്വന്തം ജനത നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ കണ്ണടക്കരുതെന്ന് ആനംസ്റ്റി ഇൻറർനാഷനലിെൻറ ദക്ഷിണേഷ്യൻ ഡയറക്ടർ ഉമർ വാരിഷ് പറഞ്ഞു.