ഇസ്രായേൽ ഉപരോധം: ഗസ്സയിൽ മരിച്ചത് 1000 ഫലസ്തീനികൾ
text_fieldsഗസ്സ: നീണ്ട 12 വർഷമായി ഗസ്സയെ വരിഞ്ഞുമുറുക്കിയ ഇസ്രായേൽ ഉപരോധത്തിൽ ആയിരത്തിലേറെ ഫലസ്തീനികൾ മരിച്ചുവെന്ന് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ. ആവശ്യമായ ചികിത്സസംവിധാനങ്ങളുടെ ദൗർലഭ്യവും പോഷണക്കുറവുമാണ് വലിയ വില്ലൻ. തകർന്നുകിടക്കുന്ന ആശുപത്രി സംവിധാനങ്ങളുടെ ഇരകളായി മാത്രം 450ലേറെ പേർ മരിച്ചതായി സംഘടനകളുടെ കോഒാഡിനേറ്റർ അഹ്മദ് അൽn കുർദ് പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ പുറത്തുകൊണ്ടുപോകാനുള്ള അനുമതി ഇസ്രായേൽ നൽകുന്നില്ല.
വൈദ്യുതി, വെള്ളം, മരുന്ന് എന്നിവക്കും ഭാഗിക ഉപരോധം നിലനിൽക്കുകയാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാകാത്തത് നിരവധി രോഗികളെ വലക്കുന്നു.
മണിക്കൂറുകൾ വൈദ്യുതി മുടങ്ങുന്നതുമൂലമുള്ള പ്രശ്നങ്ങൾ ഇൗ കാലയളവിൽ 100ലേറെ പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. മെഴുകുതിരികൾ, വിറക് തുടങ്ങിയവ കത്തിച്ചാണ് മിക്ക കുടുംബങ്ങളും വെളിച്ചം സ്വീകരിക്കുന്നത്. ഇതാകെട്ട, അപ്രതീക്ഷിത ദുരന്തങ്ങൾക്ക് നിമിത്തമാകുന്നു. സ്വന്തം കൃഷിയിടത്തിൽ കൃഷിയിറക്കിയതിെൻറ പേരിൽ ആക്രമണത്തിനിരയായും മറ്റുള്ളവർക്കായി കാർഷിക ജോലിക്കിടെ വെടിയേറ്റും മരിച്ചവരുടെ എണ്ണം 350ലേറെയാണ്. സ്വന്തമായി കടൽതീരമുണ്ടായിട്ടും മത്സ്യബന്ധനത്തിനുപോലും കടുത്ത നിയന്ത്രണമാണ് ഗസ്സയിലുള്ളത്. ബോട്ടിൽ ഗസ്സ തുറമുഖത്തേക്ക് വരുന്നതിനിടെ ഇസ്രായേൽ നാവികസേനയുടെ വെടിയേറ്റ് മത്സ്യബന്ധന തൊഴിലാളി മരിച്ചത് ഞായറാഴ്ചയാണ്. 18 വയസ്സ് മാത്രമുള്ള ഇസ്മാഇൗൽ അബൂ റിയാലയാണ് ഇരയായത്. ആറു നോട്ടിക്കൽ മൈൽ പരിധിവിട്ട് മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം.
20 ലക്ഷത്തോളം ഫലസ്തീനികൾ വസിക്കുന്ന ഗസ്സയിൽ ആരോഗ്യ, പരിസ്ഥിതി, സാമൂഹിക, ഉൗർജ മേഖലകളിലൊക്കെയും ഉപരോധം തീർത്തത് കനത്ത ദുരന്തമാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രതിദിനം 18-20 മണിക്കൂറാണ് വൈദ്യുതി മുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
