മാൻ ഒാഫ് ദ മാച്ച്
text_fieldsലാഹോർ: ‘‘ഞാൻ എന്നിൽ പൂർണ വിശ്വാസമർപ്പിക്കുന്നു, ഒരു സാധാരണ കളിക്കാരനായിമാത്രം ഒരിക്കലും സങ്കൽപിച്ചിട്ടില്ല- ഒരിക്കൽകൂടി ഇംറാൻ ഖാൻ തെൻറ വാക്കുകൾ അർഥവത്താക്കിയിരിക്കുന്നു. ആദ്യം ക്രിക്കറ്റിലും, ഇപ്പോൾ രാഷ്ട്രീയത്തിലും...
സമൂഹത്തിെൻറ അടിത്തട്ടിൽ കഴിയുന്നവരോടും വിധവകളോടും അനുകമ്പ ചൊരിഞ്ഞ പ്രവാചകെൻറ മദീന മാതൃകയിൽ ക്ഷേമരാഷ്ട്രം... അതാണ് ഇംറാൻ ഖാെൻറ വാഗ്ദാനം. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ വർഷങ്ങളായി നടത്തുന്ന പരിശ്രമത്തിെൻറ ആകത്തുകയാണ് ഇൗ 65കാരെൻറ വിജയം. ഭക്തനും ജനകീയനും ദാരിദ്ര്യത്തിനെതിരെ പൊരുതുന്ന പരിഷ്കർത്താവുമെന്നാണ് ഇംറാൻ സ്വയം വിശേഷിപ്പിക്കുന്നത്.
1996ലാണ് അദ്ദേഹം പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ-നീതിക്കായി നിലകൊള്ളുന്ന പ്രസ്ഥാനം എന്നാണ് അർഥം) രൂപവത്കരിച്ചത്. 2002ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് മത്സരിച്ചവരിൽ ഇംറാന് മാത്രമാണ് വിജയിക്കാനായത്. 2008ലെ വോെട്ടടുപ്പ് പി.ടി.െഎ ബഹിഷ്കരിച്ചു. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന മുഖമായിരുന്നിട്ടുകൂടി രാഷ്ട്രീയമെന്ന കളരിയിൽ ഇംറാൻ എന്നും അരികുവത്കരിക്കപ്പെട്ടു.
2013ലാണ് തഹ്രീകെ ഇൻസാഫിനെ ഒരുപാർട്ടിയായി അംഗീകരിക്കാൻ മറ്റുള്ളവർ തയാറായത്. ആ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ രണ്ടാംസ്ഥാനമെന്ന പദവി പി.ടി.െഎക്ക് നിസ്സാരവോട്ടുകൾക്ക് നഷ്ടപ്പെട്ടു. അഞ്ചുവർഷം കൂടി പിന്നിട്ടപ്പോഴേക്കും പാകിസ്താനെ നയിക്കാൻ ശേഷിയുള്ള നേതാവെന്ന രീതിയിലേക്ക് അദ്ദേഹം വളർന്നു. ഒപ്പം സൈന്യത്തിെൻറ നിരുപാധിക പിന്തുണയും, അതദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും.
അഴിമതി തുടച്ചുനീക്കും
പാകിസ്താനിലെ നാടുവാഴിത്തവും അഴിമതിയും തുടച്ചുനീക്കി ശുദ്ധീകരിക്കുമെന്ന വാഗ്ദാനത്തിനാണ് പാക് ജനത ഇക്കുറി വോട്ടു നൽകിയത്. അത് പാലിക്കാൻ കഴിഞ്ഞാൽ ജനം കൂടെ നിൽക്കും. മറിച്ചാണെങ്കിൽ മുൻഗാമികളെപ്പോലെയാവും ഇംറാെൻറ അവസ്ഥയും. പരമ്പരാഗത പാക് രാഷ്ട്രീയ വാർപ്പുമാതൃകകൾ തച്ചുടച്ചാണ് നാഗരിക മധ്യവർഗത്തിെൻറയും യുവാക്കളുടെയും വോട്ടുകൾ സ്വന്തമാക്കി ഇംറാെൻറ കുതിപ്പ്.
മുഖ്യ പ്രതിയോഗിയായിരുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ അഴികൾക്കുള്ളിലാക്കാനും ഇംറാന് കഴിഞ്ഞു. പാനമരേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ വലിയ അവസരമാണ് ഇംറാന് കിട്ടിയത്. അത് മുതലാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, അഴിമതിക്കറ പുരണ്ടവർ പി.ടി.െഎയിലുണ്ടെന്നു എതിരാളികൾ വിമർശിക്കുന്നുണ്ട്. പാർട്ടി അത് നിഷേധിക്കുന്നുണ്ടെങ്കിലും.
പരസ്യമായ സ്വകാര്യജീവിതം
അദ്ദേഹത്തിെൻറ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങൾ ആഘോഷമാക്കി. 1952ൽ ഇഖ്റാമുല്ല ഖാൻ, ശുആകത് ഖാൻ ദമ്പതികളുടെ മകനായി ലാഹോറിലെ പഷ്തൂൺ കുടുംബത്തിൽ ജനനം. ലാഹോറിലെ െഎചിസൺ, ഇംഗ്ലണ്ടിലെ റോയൽ ഗ്രാമർ സ്കൂൾ വോഴ്സിസ്റ്റർ പിന്നീട് ഒാക്സ്ഫഡിലെ കെബിൾ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ലണ്ടനിലെ പഠനകാലത്ത് നിശാശാലകളിലെ സന്ദർശകനായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും എന്ന ആരോപണം നിലനിൽക്കുന്നുണ്ട് ഇംറാെൻറ പേരിൽ. എന്നാൽ, ഒരു പാകിസ്താനി യാഥാസ്ഥിതിക മുസ്ലിമിന് ചേരുന്നതല്ല അത്തരം സ്വഭാവങ്ങളെന്നും താനൊരു ഉത്തമവിശ്വാസിയാണെന്നും പറഞ്ഞ് ഇംറാൻ ആ വാദങ്ങളുടെ മുനയൊടിക്കുന്നു. മൂന്നുതവണ വിവാഹം കഴിച്ചിട്ടുണ്ട് ഇംറാൻ.
1995ൽ 43ാമത്തെ വയസ്സിലാണ് 21കാരിയായ ബ്രിട്ടീഷുകാരിയായ ജമീമ ഗോൾഡ്സ്മിത്തിനെ വിവാഹം കഴിക്കുന്നത്. അക്കാലത്ത് ലോകത്തിലെ സമ്പന്നരിലൊരാളായി എണ്ണപ്പെട്ട സർ ജയിംസ് ഗോൾഡ്സ്മിത്തിെൻറ മകളായിരുന്ന ജമീമ. ഇംറാനെ വിവാഹം കഴിക്കാനായി ജമീമ ഇസ്ലാംമതം സ്വീകരിക്കുകയും ബ്രിട്ടനിൽനിന്ന് ലാഹോറിലേക്ക് കൂടുമാറുകയും ചെയ്തു.
വിവാഹശേഷമാണ് ഇംറാൻ രാഷ്ട്രീയത്തിൽ സജീവമായത്. ആ ചുറ്റുപാടുമായി ജമീമ പൊരുത്തപ്പെടാൻ ശ്രമിച്ചു. ഇംറാൻ-ജമീമ ദമ്പതികളുടെ രണ്ടുമക്കളാണ് സുലൈമാനും കാസിമും. ഒമ്പതുവർഷത്തെ ദാമ്പത്യത്തിനുശേഷം 2004ൽ വേർപിരിഞ്ഞെങ്കിലും അവരിപ്പോഴും സൗഹൃദം തുടരുന്നു. വേർപിരിഞ്ഞശേഷം മക്കൾ ജമീമക്കൊപ്പം ബ്രിട്ടനിലേക്ക് പോയി.
2015ൽ ഇംറാൻ വീണ്ടും വിവാഹിതനായി. പാക് മാധ്യമപ്രവർത്തകയും അവതാരകയുമായ റഹംഖാൻ ആയിരുന്നു വധു. 10 മാസം മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. ഇംറാന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണങ്ങളുമായി അവർ തെരഞ്ഞെടുപ്പുകാലത്ത് രംഗത്തുവന്നിരുന്നു. അഞ്ചുമക്കളുടെ മാതാവായ ബുഷ്റ വതോയെ വിവാഹം കഴിച്ച് ഇംറാൻ വീണ്ടും വാർത്തകളിൽ ഇടംനേടി. ഇംറാെൻറ ആത്മീയഗുരുവായിരുന്നു ബുഷ്റ.
ചാഞ്ചാട്ടക്കാരൻ
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇംറാെൻറ അഭിപ്രായങ്ങൾക്ക് പലപ്പോഴും സ്ഥിരതയുണ്ടായിരുന്നില്ല. ഒരേസമയം തന്നെ പുരോഗമനവാദവും ഇസ്ലാമിക മൂല്യവും മുറുകെപ്പിടിച്ചു. പടിഞ്ഞാറിനോട് മുഖം തിരിച്ചുനിൽക്കുന്ന സമീപനം തുടരുന്നു. പാകിസ്താെൻറ വരുംകാല രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുണ്ടാക്കും ഇൗ നിലപാട്.
പാക് ഗോത്രവർഗമേഖലകളിൽ ഭീകരതക്കെതിരെന്ന പേരിൽ യു.എസ് നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ നിശിതമായി വിമർശിച്ചിരുന്നു. താലിബാെൻറ ആക്രമണങ്ങൾക്കെതിരെ നിലപാടെടുത്ത ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഇംറാെൻറ സർക്കാർ 30 ലക്ഷം ഡോളർ ഹഖാനികളുടെ മദ്റസകൾക്കു നൽകിയത് വിവാദമായിരുന്നു. താലിബാെൻറ പിതാവെന്നറിയപ്പെടുന്ന മൗലാന സമീഉൽ ഹഖ് ആയിരുന്നു അതിെൻറ നടത്തിപ്പ്. അതിെൻറ പേരിൽ താലിബാൻ ഖാൻ എന്ന അധിക്ഷേപവും ഇംറാൻ അതിജീവിച്ചു.
കശ്മീർ പ്രശ്നത്തിൽ പരിഹാരത്തിനായി ശ്രമിക്കുമെന്ന് ഉറപ്പുതരുന്ന ഇംറാൻ താനൊരു ഇന്ത്യവിരുദ്ധനല്ലെന്ന, തിരുത്തുകൂടി നൽകുന്നു. രാജ്യത്തെ സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ഉടച്ചുവാർക്കും. ഭീകരവാദം പിഴുതെറിയും. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കും... ഇതൊക്കെയാണ് ഇംറാെൻറ മറ്റ് പ്രഖ്യാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
