പനാമ രേഖകൾ:നവാസ് ശരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതി കേസിൽ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ അന്വേഷണം നടത്താൻ പാക് സുപ്രീംകോടതിയുടെ ഉത്തരവ്. കേസിൽ ശരീഫിനെ പുറത്താക്കണമെന്ന ആവശ്യം തള്ളിയ കോടതി അതിന് മതിയായ തെളിവുകളില്ലെന്നു വ്യക്തമാക്കി. നവാസ് ശരീഫ് അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും വിവരം മറച്ചുവെക്കുകയും ചെയ്തുവെന്ന പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
ശരീഫിെൻറ മക്കളായ ഹസനും ഹുസൈനും മറിയവും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അറുപത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. സൈനിക ഇൻറലിജൻസ് ഉൾപ്പടെ വിവിധ എജൻസികളുടെ പ്രതിനിധികൾ സംഘത്തിൽ ഉണ്ടാവും. അന്വേഷണ റിപ്പോർട്ട് എതിരായാൽ ശരീഫ് രാജിവെക്കേണ്ടിവരും. മൊസാക് ഫൊണ്ടേൻസ എന്ന നിയമസ്ഥാപനം വഴി നവാസ് ശരീഫും കുടുംബവും ബ്രിട്ടീഷ് വർജിൻ െഎലൻഡിൽ കമ്പനികൾ തുടങ്ങിയെന്നും ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നുമാണ് ആരോപണം. ശരീഫ് അധികാരത്തിലിരിക്കെ, 1990ലാണ് കേസിനാസ്പദ സംഭവം നടന്നത്. ആരോപണങ്ങൾ ശരീഫ് നിഷേധിച്ചിരുന്നുവെങ്കിലും ഇമ്രാൻ ഖാൻ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു.
അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിൽ മൂന്നു പേർ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ രണ്ട് ജഡ്ജിമാർ ശരീഫിനെ അയോഗ്യനാക്കണമെന്ന് വിധിച്ചു. വിധി എതിരാവുമെന്നും ശരീഫ് രാജിവെക്കേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികളായ പി.ടി.െഎ, ജമാഅത്തെ ഇസ്ലാമി, വത്വൻ പാർട്ടി, ഒാൾ പാകിസ്താൻ മുസ്ലിം ലീഗ് എന്നിവ സംയുക്തമായാണ് കേസ് ഫയൽ ചെയ്തത്. അന്വേഷണത്തെ ശരീഫിെൻറ പാർട്ടി സ്വാഗതം ചെയ്തു. അേന്വഷണം നേരിടാൻ നവാസ് ശരീഫ് തയാറാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരായ സഇൗദ് ഖോസ, ഗുൽസാർ അഹ്മദ്, ഇജാസ് അഫ്സൽ ഖാൻ, അസ്മത് സഇൗദ്, ഇജാസുൽ അഹ്സൻ എന്നീ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നടപടികൾ പുരോഗമിക്കുേമ്പാൾ പുറത്ത് ശരീഫിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭകർ ബഹളംവെക്കുകയായിരുന്നു. 1500ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ കണക്കിലെടുത്ത് കോടതി പരിസരത്ത് വിന്യസിച്ചത്. കോടതി വിധിയെ തുടർന്ന് പാക് ഒാഹരിവിപണിയിലും ഉണർവുണ്ടായി.
വാർത്ത ചോർത്തൽ; ശരീഫിെൻറ സഹായിയെ പുറത്താക്കും
ദേശീയ സുരക്ഷ യോഗം സംബന്ധിച്ച വാർത്ത ചോർത്തിയെന്ന പേരിൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ അസിസ്റ്റൻറ് താരിഖ് ഫത്തേമിയെ പുറത്താക്കിയേക്കും. കഴിഞ്ഞവർഷം ഒക്ടോബറിൽ ഡോൺ ദിനപത്രത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പാകിസ്താൻ സേന മേധാവികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് വാർത്തയായത്. ഇത് ചോർത്തി നൽകിയത് ഫത്തേമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നവാസ് ശരീഫിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
