ഫലസ്തീൻ പ്രതിഷേധക്കാർക്കുനേരെ ഇസ്രായേൽ വെടിവെപ്പ്; ഏഴുപേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഇസ്രായേൽസേന ഫലസ്തീൻ പ്രതിഷേധക്കാർക്കുനേരെ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂ ദിനത്തോടനുബന്ധിച്ച് (യൗമുൽ അർദ്) ഗസ്സ അതിർത്തിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനുനേരെയാണ് അധിനിവേശസേനയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഗസ്സയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കർഷകനും കൊല്ലപ്പെട്ടിരുന്നു.
ഭൂദിനത്തിെൻറ 42ാം വാർഷികമായിരുന്നു വെള്ളിയാഴ്ച. ഗസ്സയിലെ എല്ലാ രാഷ്ട്രീയസംഘടനകളുടെയും പിന്തുണയോടെയാണ് മാർച്ച് നടന്നത്. ഫലസ്തീൻ മുഴുവനായും തിരിച്ചുപിടിക്കുന്നതിെൻറ ആദ്യപടിയാണ് മാർച്ച് എന്ന് ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. മാർച്ചിനുനേരെ ശക്തമായ നടപടിയാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിലെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
യൗമുൽ അർദ് അഥവാ ഭൂ അവകാശദിനം
1976ൽ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 2000 ഹെക്ടർ ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഇതിനെതിരെ അതേ വർഷം മാർച്ച് 30ന് നടത്തിയ മാർച്ചിനുനേരെയുണ്ടായ സൈനികനടപടിയിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൗ സംഭവത്തിെൻറ സ്മരണയിലാണ് മാർച്ച് 30ന് ഫലസ്തീനിൽ എല്ലാ വർഷവും യൗമുൽ അർദ് പ്രതിഷേധദിനമായി ആചരിക്കുന്നത്. എന്നാൽ, ഇത്തവണ പ്രതിഷേധം ആറാഴ്ചയോളം നീളും. മേയ് 14ന് ജറൂസലമിൽ യു.എസ് എംബസി ഉദ്ഘാടനദിനം വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. പ്രതിഷേധക്കാർക്കുനേരെ ശക്തമായ നടപടികൾക്കൊരുങ്ങി ഗസ്സ അതിർത്തിയിൽ ശക്തമായ സൈനികവിന്യാസമാണ് നടത്തിയിരിക്കുന്നത്. 2017 ഡിസംബർ ആറിനാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
