കുൽഭൂഷണിൽ കടുത്ത പാക് സമ്മർദമെന്ന് ഇന്ത്യ
text_fieldsഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താൻ തടവറയിൽ കഴിയുന്ന ഇന്ത്യയിലെ മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധി കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിലെ ഷാറെ ദഫേർ ഗൗരവ് അഹ്ലുവാലിയ ആണ് തലസ്ഥാന നഗരിയിലെ സബ്ജയിലിൽവെച്ച് കുൽഭൂഷണുമായി സംസാരിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിനെ തുടർന്നാണ് പാകിസ്താൻ ഇതാദ്യമായി കുൽഭൂഷണ് ഇന്ത്യൻ നയതന്ത്ര സഹായം ലഭ്യമാക്കിയത്.
അതേസമയം, തനിക്കെതിരെ പാകിസ്താൻ ചുമത്തിയ, നിലനിൽപില്ലാത്ത വ്യാജാരോപണങ്ങൾ ഏറ്റുപറയാൻ കുൽഭൂഷൺ കടുത്ത സമ്മർദത്തിലാണെന്ന് വ്യക്തമായതായി കൂടിക്കാഴ്ചക്കുശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ വിശദമായ റിപ്പോർട്ട് െഡപ്യൂട്ടി ഹൈകമീഷണറിൽനിന്ന് ലഭിച്ച ശേഷം അടുത്ത നടപടി കൈക്കൊള്ളുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ വ്യക്തമാക്കി.
കശ്മീർ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന ഭിന്നത കാരണം അന്താരാഷ്ട്ര കോടതി ഉത്തരവ് നടപ്പാക്കുമോ എന്ന ആശങ്കക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ ആവശ്യപ്പെട്ടതു പ്രകാരമുള്ള തടസ്സരഹിതമായ കൂടിക്കാഴ്ചയാണോ പാക് അധികൃതർ അനുവദിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇരുവരും ഒരു മണിക്കൂർ സംസാരിച്ചതായി പാക് ചാനലായ ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ സന്ദർശിച്ചശേഷമാണ് ഗൗരവ് അഹ്ലുവാലിയ ജാദവിനെ കാണാൻ എത്തിയത്.
ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച്, 2017 ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ (49) പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. ഇതേ തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ജാദവിെൻറ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട അന്താരാഷ്ട്ര കോടതി, അദ്ദേഹത്തിന് ഇന്ത്യൻ നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. 2016 മാർച്ചിൽ ബലൂചിസ്താനിൽവെച്ച് കുൽഭൂഷൺ പിടിയിലായെന്നാണ് പാകിസ്താൻ വാദം. അതേസമയം, ബിസിനസിനായി ഇറാനിലായിരുന്ന കുൽഭൂഷണെ അവിടെവെച്ച് പാകിസ്താൻ സേന തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്.