അഫ്ഗാനിസ്ഥാനിൽ റാലിക്കിടെ വെടിവെപ്പ്; 27 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിൽ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു.
തലസ് ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറൻ മേഖലയിൽ രാഷ്ട്രീയ നേതാവ് അബ്ദുൽ അലി മസരിയുടെ ചരമവാർഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. റാലി നടക്കുമ്പോൾ സ്ഥലത്ത് ആദ്യം റോക്കറ്റ് പതിക്കുകയും പിന്നാലെ വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു.
പ്രമുഖ നേതാവ് അബ്ദുല്ല അബ്ദുല്ല പരിപാടിയിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചു.
അമേരിക്കയും താലിബാനും തമ്മിൽ ഖത്തറിൽ വെച്ച് അഫ്ഗാൻ സമാധാന കരാർ ഒപ്പുവെച്ചിരുന്നെങ്കിലും, തടവുകാരെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ താലിബാൻ സമാധാന കരാറിൽ നിന്ന് ഭാഗികമായി പിൻമാറി. ശേഷം പലയിടത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി. എന്നാൽ, താലിബാൻ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം താലിബാൻ കേന്ദ്രത്തിൽ അമേരിക്കയും ആക്രമണം നടത്തിയിരുന്നു.