കാബൂൾ സ്ഫോടനം; ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീക രസംഘടനയായ ഐ.എസ് ഏറ്റെടുത്തു. സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശന ിയാഴ്ച രാത്രിയാണ് വിവാഹമണ്ഡപത്തിൽ സ്ഫോടനം നടന്നത്. സംഭവസമയത്ത് 1000ലേറെ പേർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഷിയ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീത നിശ നടക്കുന്ന വേദിക്കടുത്താണ് സ്ഫോടനമുണ്ടായത്. കുട്ടികളും സ്ത്രീകളും കൂടിനിൽക്കുന്നിടത്തുവെച്ചാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഐ.എസുമായി ബന്ധമുള്ള വെബ്സൈറ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റത്. പാകിസ്താനി െഎ.എസ് പോരാളികളാണ് സ്ഫോടനം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. സ്ഫോടനത്തെ അപലപിച്ച താലിബാൻ തങ്ങൾക്ക് പങ്കില്ലെന്ന് പ്രസ്താവിച്ചിരുന്നു.
അഫ്ഗാനിസ്താനെ ഞെട്ടിച്ച് ഞായറാഴ്ച രാവിലെ വീണ്ടും സ്ഫോടനം നടന്നിരുന്നു. വടക്കൻ പ്രവിശ്യയായ ബാൽക്കിൽ റോഡരികിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
10 ദിവസങ്ങൾക്ക് മുമ്പ് കാബൂൾ പൊലീസ് സ്റ്റേഷന് മുന്നിലും ചാവേർ ബോംബാക്രമണം ഉണ്ടായിരുന്നു. അന്ന് 14 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.