അവയവ മാറ്റം: സർക്കാർ മാർഗനിർദേശം കൊണ്ടുവരണമെന്ന് ജോസ് ചാക്കോ പെരിയപ്പുറം
text_fieldsദുബൈ: കേരളത്തിൽ നടക്കുന്ന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ക്രമക്കേടുകൾ നടക്കുന്നതായി കരുതുന്നില്ലെന്ന് ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
എന്നാൽ ഇവ കുറ്റമറ്റതല്ലാതാക്കാൻ സർക്കാർ അടിയന്തിര മാർഗനിർദേശങ്ങൾ തയ്യാറാക്കണം. ഒാരോ ആശുപത്രിയിലും നടക്കുന്ന ശസ്ത്രക്രിയകളുടെ വിജയം ഒാഡിറ്റിംഗിന് വിധേയമാക്കണം. അമേരിക്കയിലും മറ്റും ഒാരോ ശസ്ത്രക്രിയ സംബന്ധിച്ചും തുടരന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. മരണ നിരക്ക് കൂടുതലെങ്കിൽ അനുമതി റദ്ദാക്കണമെന്നും അദ്ദേഹം ദുബൈയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
160000 ബൈപ്പാസ്, വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നിർവഹിച്ച ഡോ. പെരിയപ്പുറം 22 തവണ ഹൃദയം മാറ്റിവെക്കലും ഒരു വട്ടം ഹൃദയവും ശ്വാസകോശവും മാറ്റിവെക്കലും നടത്തിയിട്ടുണ്ട്. ഇവരിൽ 16 പേർ ജീവിച്ചിരിക്കുന്നു. അവയവദാന സംസ്കാരത്തിൽ ഏറെ മുന്നിലുള്ള തമിഴ്നാടിനെ കഴിഞ്ഞ വർഷം കേരളം മറികടന്ന സാഹചര്യമുണ്ടായി. എന്നാൽ ഒരു പ്രമുഖ നടൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അബദ്ധ പ്രചാരണം ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു.
വെളിച്ചെണ്ണയെ ഹൃദയരോഗമുണ്ടാക്കുന്ന വില്ലനായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. കൊളസ്ട്രോൾ ഇല്ലെങ്കിൽ ജീവിതം ഇല്ല തന്നെ. എന്നാൽ കൊഴുപ്പിെൻറ അളവ് അമിതമായാൽ വെളിച്ചെണ്ണ മാത്രമല്ല ഏത് എണ്ണയും പ്രശ്നകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനും ഇന്ത്യക്കും പുറമെ യു.എ.ഇയിലും പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി നേടിയ ഡോ. ജോസ്ചാക്കോ ഇനിമുതൽ മൂന്നു മാസത്തിലൊരിക്കൽ ദുബൈയിലും രോഗികളെ പരിശോധിക്കാനെത്തുമെന്ന് അമല ഹെൽത് കെയർ ഡയറക്ടർ മനോജ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
