അഫ്ഗാനിൽ ജപ്പാൻ ഡോക്ടറടക്കം ആറുപേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ ആക്രമണത്തിൽ മഗ്സാസെ അവാർഡ് ജേതാവും സാമൂഹികപ്രവർത്തകനുമായ ജപ്പാൻ ഡോക്ടറുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി അഫ്ഗാനിലെ ആരോഗ്യ-സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. ടെറ്റ്സു നകമുറയാണ് (73) കൊല്ലപ്പെട്ടത്. അദ്ദേഹത്തിെൻറ ഡ്രൈവറും സുരക്ഷ ഉദ്യോഗസ്ഥരും സഹപ്രവർത്തകനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ബുധനാഴ്ച രാവിലെ എട്ടോടെ ജലാലാബാദ് പട്ടണത്തിലുണ്ടായ സായുധാക്രമണത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടതെന്ന് നങ്കഹാർ പ്രവിശ്യ ഗവർണറുടെ വക്താവ് അതാഉല്ല ഖൊഗ്യാനി പറഞ്ഞു.
സർക്കാറിതര സംഘടനയായ പീസ് ജപ്പാൻ മെഡിക്കൽ സർവിസിെൻറ (എം.പി.എസ്) നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു ഡോക്ടർ. അഫ്ഗാനിസ്താെൻറ പുനർനിർമാണത്തിന് സംഭാവനയർപ്പിച്ച ഡോക്ടറുടെ സംഘവുമായി തങ്ങൾക്ക് നല്ല ബന്ധമാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും താലിബാൻ വ്യക്തമാക്കി.
ഡോ. നകമുറയുടെ കൊലപാതകത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ നടുക്കം രേഖപ്പെടുത്തി. കാബൂളിലെ യു.എസ് എംബസിയും അഫ്ഗാനിലെ യു.എൻ ദൗത്യസംഘവും സംഭവത്തെ അപലപിച്ചു.
തങ്ങളുടെ മഹാനായ സുഹൃത്തിനുനേരെ ഭീരുക്കൾ നടത്തിയ നീചമായ ആക്രമണമാണിതെന്ന് അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിയുടെ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു. നങ്കഹാർ ജനതയൊന്നാകെ ദുഃഖത്തിലാണെന്ന് ഗവർണർ ഷാ മഹ്മൂദ് മിയഖൈൽ പറഞ്ഞു.