ജറൂസലമിൽ വെടിവെപ്പ്: ഇസ്രായേൽ പൊലീസുകാരടക്കം അഞ്ചുമരണം
text_fieldsഗസ്സ: ജറൂസലമിലെ ഹറമുൽശരീഫിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.രണ്ട് ഇസ്രായേൽ പൊലീസുകാരും വെടിവെപ്പ് നടത്തിയ മൂന്ന് ഇസ്രായേൽ പൗരന്മാരായ ഫലസ്തീൻ വംശജരുമാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന ഹറമുൽശരീഫിെൻറ കവാടത്തിലെത്തിയ ഇസ്രായേലിലെ ഉമ്മുൽ ഫഹം നഗരവാസികളായ മൂന്നുപേർ ചേർന്ന് വെടിവെക്കുകയായിരുന്നു.
മുഹമ്മദ് ജബരീൻ, അബ്ദുൽ ലത്തീഫ് ജബരീൻ, മഫ്ദൽ ജബരീൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ െപാലീസ് അറിയിച്ചു. ആരും ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല. ഹാഇൽ സതവി, കാമിൽ എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മസ്ജിദുൽ അഖ്സയിൽ ജുമുഅ നമസ്കാരം നടന്നില്ല.
ജുമുഅ തടഞ്ഞതിൽ ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് ഹുസൈൻ പ്രതിഷേധിച്ചു. തുടർന്ന് അദ്ദേഹത്തെ ഇസ്രായേൽ അധികൃതർ അറസ്റ്റ്ചെയ്തതായി മകൻ ജിഹാദ് അറിയിച്ചു. അറസ്റ്റിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതുസംബന്ധിച്ച് ഇസ്രായേൽ അധികൃതർ പ്രതികരിച്ചില്ല.മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരാധനാലയങ്ങളിൽ ഒന്നായ മസ്ജിദുൽ അഖ്സയിൽ 17 വർഷത്തിനിടെ ഇതാദ്യമായാണ് ജുമുഅ നമസ്കാരം മുടങ്ങുന്നത്.
വെടിവെപ്പിനെ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. സംഭവത്തെ തുടർന്ന് മുസ്ലിംകൾക്ക് ഹറം അൽശരീഫിൽ വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ഇസ്രായേൽ എം.പിമാർ രംഗത്തെത്തി. ആവശ്യം തള്ളിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മേഖലയിൽ തൽസ്ഥിതി തുടരുമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
