ഗസ്സക്ക് ഇന്ധനം വിലക്കി ഇസ്രായേൽ ക്രൂരത
text_fieldsഗസ്സ സിറ്റി: ഫലസ്തീനികളോട് ഇസ്രായേൽ ക്രൂരത തുടരുന്നു. അഗ്നി പടർത്തുന്ന പട്ടം അതിർത്തികളിലേക്ക് പറത്തിവിടുന്നെന്നാരോപിച്ച് ഗസ്സയിലേക്ക് ഇന്ധനവും ഭക്ഷ്യവാതകവും എത്തിക്കുന്നതിനാണ് ഏറ്റവുമൊടുവിൽ ഇസ്രായേൽ വിലക്കേർപ്പെടുത്തിയത്. ഇസ്രായേലിൽനിന്ന് ഏക വാണിജ്യമാർഗമായ കരീം ഷാലോം വഴിയുള്ള ചരക്കുകടത്തിന് ജൂലൈ ഒമ്പതിന് നിയന്ത്രണം നിലവിൽവന്നിരുന്നു. ഭക്ഷണം, ആതുരശുശ്രൂഷ, ഇന്ധനം, കാലിത്തീറ്റ, കാലികൾ എന്നിവക്കു മാത്രമായിരുന്നു ഇളവ്. കടുത്ത ഉഷ്ണം വലക്കുന്ന മേഖലയിൽ മഹാദുരിതം ഇരട്ടിയാക്കി ഇന്ധനക്കടത്തും നിരോധിക്കുകയാണെന്ന് തിങ്കളാഴ്ച രാത്രി പ്രതിരോധ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഭക്ഷണം, മരുന്ന് എന്നിവക്കു മാത്രമാകും ഇനി ഇളവുണ്ടാകുക.
ഞായറാഴ്ച രാത്രി വരെ വിലക്ക് തുടരും. ഗസ്സ കടലിൽ മത്സ്യബന്ധന പരിധി ആറു നോട്ടിക്കൽ മൈൽ ആയിരുന്നത് മൂന്ന് മൈലായും ചുരുക്കിയിട്ടുണ്ട്. നേരേത്ത 12 നോട്ടിക്കൽ മൈൽ ഉണ്ടായിരുന്നതാണ് അടുത്തിടെ ആറാക്കിയത്. ഗസ്സക്കെതിരെ ഇൗജിപ്ത് ഉപരോധം നേരേത്ത തുടരുന്നുണ്ട്. ഫലസ്തീനികൾക്കെതിരെ കൂട്ടശിക്ഷ അടിച്ചേൽപിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് യു.എന്നും സന്നദ്ധ സംഘടനകളും കുറ്റപ്പെടുത്തി. ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് ഇസ്രായേലിേൻറതെന്ന് ഹമാസ് പറഞ്ഞു.
ഇസ്രായേലിനെതിരെ പ്രതികരണമെന്ന നിലക്ക് അതിർത്തികളിൽ ഫലസ്തീനികൾ പറത്തിവിടുന്ന പട്ടങ്ങളാണ് പുതിയ പ്രകോപനത്തിന് കാരണമായി പറയുന്നത്. ദൂരങ്ങളിൽ പറന്നുനീങ്ങുന്ന പട്ടങ്ങളുടെ അടിയിൽ കത്തുന്ന തീ നിലത്തെത്തുന്നതോടെ കൂടുതൽ മേഖലകളിലേക്ക് പടരും. 750ഒാളം സംഭവങ്ങളിലായി ഇസ്രായേലിൽ 2600 ഹെക്ടർ ഭൂമി കത്തിനശിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ആഴ്ചകൾക്കു മുമ്പ് ഗസ്സ അതിർത്തികളിൽ ഫലസ്തീനികൾ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് അഗ്നി പടർത്തുന്ന പട്ടം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഇവ പിന്നീട് വ്യാപകമാകുകയായിരുന്നു.
മറ്റു മാർഗങ്ങൾ അടഞ്ഞതോടെയാണ് ചെറുത്തുനിൽപിെൻറ അവസാന വഴിയായി ഇത് സ്വീകരിച്ചത്.
ഗസ്സയിൽ അടുത്തിടെയായി ഹമാസ് കൂടുതൽ ശക്തമായ ചെറുത്തുനിൽപിെൻറ വഴിയിലാണ്. നിരന്തരം തീതുപ്പുന്ന ഇസ്രായേൽ റോക്കറ്റുകളും യുദ്ധവിമാനങ്ങളും ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കിയ സാഹചര്യത്തിലാണ് ശക്തമായ ചെറുത്തുനിൽപിലേക്ക് ഹമാസ് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് ഫലസ്തീനികൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണമെന്നോണം തൊടുത്തുവിട്ട മോർട്ടാറുകൾ വീണ് നാല് ഇസ്രായേലികൾക്കും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
