യാസിർ അറഫാത്തിനെ വെടിവെച്ചു കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നു
text_fieldsതെൽഅവീവ്: ഫലസ്തീൻ നേതാവ് യാസിർ അറഫാത്തിനെ വിമാനത്തിൽവെച്ച് വെടിവെച്ചു കൊല്ലാൻ മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ സൈന്യത്തിന് നിർദേശം നൽകിയിരുന്നതായി നിർണായക വെളിപ്പെടുത്തൽ. ഇസ്രായേൽ മാധ്യമപ്രവർത്തകനായ റോണെൻ ബെർഗ്മാെൻറ ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്; ദ സീക്രട്ട് ഹിസ്റ്ററി ഒാഫ് ഇസ്രായേൽസ് ടാർഗറ്റഡ് അസാസിനേഷൻസ് എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഷാരോൺ പ്രതിരോധ മന്ത്രിയായിരിക്കുേമ്പാഴായിരുന്നുവത്രെ ഇത്തരമൊരു നീക്കം നടത്തിയത്. അറഫാത്ത് വിമാനത്തിൽ സഞ്ചരിക്കുേമ്പാൾ വധിക്കാനായിരുന്നു വ്യോമസേനക്ക് നൽകിയ നിർദേശം. അതിെൻറ ഭാഗമായി അറഫാത്ത് സഞ്ചരിക്കുന്ന വിമാനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താനും നിർദേശം നൽകി. അഞ്ചുതവണയെങ്കിലും ഇത്തരത്തിൽ അറഫാത്തിനെ വധിക്കാൻ ഷാരോൺ പദ്ധതിയിട്ടിരുന്നു. മെഡിറ്ററേനിയൻ കടലിൽ, ഏറ്റവും ആഴംകൂടിയ മറ്റു രാജ്യങ്ങളുടെ റഡാർ പരിധിയിൽ വരാത്ത സ്ഥലത്തുവെച്ച് പദ്ധതി നടപ്പാക്കാനാണ് ഒരിക്കൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരിക്കൽ വ്യോമസേന കമാൻഡർമാർ എതിരുനിന്നതോടെയാണ് നീക്കം പരാജയപ്പെട്ടതെന്നും ബെർഗ്മാൻ പറയുന്നു. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ ഷാരോണിെൻറ നിർദേശം തള്ളുകയായിരുന്നു.
1982 ഒക്ടോബറിൽ ആതൻസിൽനിന്ന് കൈറോയിലേക്കുള്ള വിമാനം വെടിവെച്ചിടാനും ഇസ്രായേൽ പദ്ധതിയിട്ടിരുന്നു. വിമാനത്തിൽ അറഫാത്ത് ഉണ്ടെന്ന ധാരണയിലായിരുന്നു അത്. എന്നാൽ, വിമാനത്തിലുള്ളത് കാഴ്ചയിൽ അറഫാത്തിെൻറ സാമ്യമുള്ള സഹോദരൻ ആണെന്ന് ഇസ്രായേൽ ചാരസംഘടനയായ മൊസാദ് വെളിപ്പെടുത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു. സബ്റ ശാതില കൂട്ടക്കൊലയിൽ പരിക്കേറ്റ 30 ഫലസ്തീനി കുട്ടികളും ആ വിമാനത്തിലുണ്ടായിരുന്നു. 2004ൽ അറഫാത്ത് മരിച്ചത് ഇസ്രായേലിെൻറ നീക്കങ്ങളുടെ ഫലമാണെന്നും ബെർഗ്മാൻ വിവരിക്കുന്നു. അറഫാത്തിനെ മാരകമായ വിഷം ഉപയോഗിച്ച് ഇസ്രായേൽ കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തുന്നുണ്ട്.
വിഷമയമായ ടൂത്ത്പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന സെൽഫോണുകൾ, റിമോട്ട് കൺട്രോൾ ബോംബുകൾ ഘടിപ്പിച്ച ടയറുകൾ എന്നിവ ഇസ്രായേലിെൻറ ആയുധശേഖരത്തിലുണ്ടെന്നും പുസ്തകത്തിലുണ്ട്. ഇസ്രായേൽ ചാരസംഘടന മൊസാദ്, സുരക്ഷ ഏജൻസി ഷിൻ ബെറ്റ് തുടങ്ങിയവയിലെ അംഗങ്ങളും സൈനികരുമുൾപ്പെടെ നിരവധി േപരുമായി അഭിമുഖം നടത്തിയാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്’ എന്ന അറുനൂറിലേറെ പേജുകളുള്ള പുസ്തകം ബെർഗ്മാൻ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ഇസ്രായേൽ കുറഞ്ഞത് 2,700 കൊലപാതക പദ്ധതികളും മറ്റും ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് നടത്തിയിട്ടുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു.
ഇസ്രായേൽ ആയുധശേഖരം വർധിപ്പിക്കുകയാണ്. യു.എസിെൻറയും സഖ്യകക്ഷികളുടെയും കൈവശമുള്ള കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, യുദ്ധമുറകൾ, വിവരങ്ങൾ കണ്ടെത്താനുള്ള വഴികൾ, പൈലറ്റില്ലാ വിമാനങ്ങളുടെ സാങ്കേതിക വിദ്യ തുടങ്ങിയ പലതും ഇസ്രായേൽ വികസിപ്പിച്ചെടുത്തവയാണ്. യുദ്ധസമയത്ത് ശത്രുരാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നതായി പുസ്തകം പറയുന്നു. ഇറാനിലെ ആണവശാസ്ത്രജ്ഞരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. പുസ്തകത്തിെൻറ നിർമിതിക്കായി മുൻ ഇസ്രായേൽ പ്രധാനമന്ത്രിമാരായ യെഹൂദ് ബറാക്, യെഹൂദ് ഒൽമർട്ട് എന്നിവരുമായും ബർഗ്മാൻ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
