You are here
നെതന്യാഹു വീണ്ടുമെത്തുമോ? ഇസ്രായേലിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
ജറൂസലം: അഴിമതിയാരോപണങ്ങളും വിവാദങ്ങളും കത്തിനിൽക്കുന്നതിനിടെ ചൊവ്വാഴ്ച ജനവിധി തേടാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഈ വർഷം രണ്ടാംതവണയാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിൽ നെതന്യാഹുവിെൻറ ലികുഡ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇക്കുറി വിജയത്തിൽകുറഞ്ഞതൊന്നും നെതന്യാഹുവിെൻറ അജണ്ടയിലില്ല. വിജയിച്ചാൽ ജോർഡൻ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന പ്രഖ്യാപനം തീവ്രവിഭാഗത്തിെൻറ വോട്ട് ഉറപ്പിക്കുന്നതിെൻറ ഭാഗമായാണ്.
വോട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റഭവനങ്ങൾക്ക് അനുമതിയും നൽകിയിട്ടുണ്ട്. അറബ്ലോകത്തിെൻറ എതിർപ്പുകൾക്കിടയിലും എല്ലാ കുതന്ത്രങ്ങളും പയറ്റി അതിജീവിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവ് ബെന്നി ഗാൻറ്സാണ് എതിരാളി. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭീഷണിയുയർത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 120 അംഗ പാർലമെൻറിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഒരു പാർട്ടിക്കും ഇത്രയും സീറ്റ് ലഭിക്കാൻ സാധ്യത ഇല്ലെന്നിരിക്കെ, പ്രാദേശിക ചെറുപാർട്ടികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും സർക്കാർ രൂപവത്കരണം.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന നെതന്യാഹുവിന് ഇക്കുറിയില്ലെങ്കിൽ ഇനിയൊരിക്കലും അവസരം ലഭിക്കില്ല എന്ന പേടിയുമുണ്ട്.