വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇസ്രായേൽ
text_fieldsഒരു വർഷത്തിനിടെ ഇസ്രായേൽ മൂന്നാം തെരഞ്ഞെടുപ്പിലേക്ക്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ലികുഡ് പാർട്ടി, എതിരാളി ബെന്നി ഗാൻറ്സിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി എന്നിവക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ സർക്കാർ രൂപവത്കരണം പാളി. സെപ്റ്റംബറിൽ ജനം വീണ്ടും ബൂത്തിലെത്തി. അപ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചരിത്രത്തിലാദ്യമായാണ് ഇസ്രായേലിൽ ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി. അഴിമതിക്കേസാണ് നെതന്യാഹുവിനെതിരായ പ്രധാന വെല്ലുവിളി.
തെരഞ്ഞെടുപ്പ് 2020 മാർച്ച് രണ്ടിന്
പാർലമെൻറ് തെരഞ്ഞെടുപ്പ് 2020 മാർച്ച് രണ്ടിന് നടക്കും. പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന പ്രമേയം 94 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ഇരുകക്ഷികൾക്കും സർക്കാർ രൂപവത്കരിക്കാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പ്രമേയം വോട്ടിനിട്ടത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതുവരെ നെതന്യാഹു പ്രധാനമന്ത്രിയായി തുടരും.
പ്രധാന പാർട്ടികൾ: ലികുഡ്, ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി, ഷാസ് പാർട്ടി, യുനൈറ്റഡ് തോറ ജൂതായിസം, ലേബർ പാർട്ടി, ഇസ്രായേൽ ബീതനു, മാരറ്റ്സ്, യുനൈറ്റഡ് അറബ് ലിസ്റ്റ്, യൂനിയൻ ഓഫ് റൈറ്റ് വിങ് പാർട്ടി.
ഡിസംബർ 26: ലികുഡ് പാർട്ടി സ്ഥാനാർഥി മത്സരം. മൂന്നു തവണ തെരഞ്ഞെടുപ്പ് നടത്തിയിട്ടും ഫലമില്ലാെതവന്ന സാഹചര്യത്തിൽ ഇക്കുറി നെതന്യാഹുവിനെ മാറ്റാനും ആലോചന
ആദ്യ തെരഞ്ഞെടുപ്പ് ഫലം: 2019 ഏപ്രിൽ: ലികുഡ്, ബ്ലൂ ആൻഡ് വൈറ്റ് പാർട്ടികൾ 35 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം. എന്നാൽ, സർക്കാർ രൂപവത്കരിക്കാനായില്ല.
സെപ്റ്റംബറിലെ തെരഞ്ഞെടുപ്പ്
ഫലം: ഗാൻറ്സിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി -33 സീറ്റ്, നെതന്യാഹുവിെൻറ ലികുഡ് പാർട്ടി -32
ഐക്യസർക്കാറുണ്ടാക്കാൻ പ്രസിഡൻറ് റീവൻ റിവ്ലിൻ ഇരുവരെയും സമീപിച്ചെങ്കിലും അഴിമതിക്കാരനായ നെതന്യാഹുവുമായി കൂട്ടുകൂടാൻ ഗാൻറ്സ് തയാറായില്ല.
പിന്നീട് സർക്കാർ രൂപവത്കരിക്കാൻ ആദ്യം നെതന്യാഹുവിന് 21 ദിവസത്തെ സമയം നൽകി. പരാജയപ്പെട്ടപ്പോൾ ഗാൻറ്സിന് അവസരം നൽകി. ഗാൻറ്സിന് സർക്കാർ രൂപവത്കരിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചു.
നെസറ്റ്: 120 അംഗങ്ങളാണ് നെസറ്റ് എന്നറിയപ്പെടുന്ന പാർലമെൻറിലുള്ളത്. ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. നിലവിൽ ഒരു കക്ഷിക്കും ഇത്രയേറെ സീറ്റുകൾ ഒറ്റക്കു നേടാൻ കഴിയില്ല. അതിനാൽ മറ്റു ചെറുകക്ഷികളുമായി കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കുകയാണ് പതിവ്.