യുക്രെയ്​ൻ വിമാനം വീഴ​്​ത്തൽ: ഇറാനിൽ അറസ്​റ്റുകൾ തുടങ്ങി

16:00 PM
14/01/2020
iran-ukraine

തെഹ്​റാൻ: യുക്രെയ്​ൻ യാത്രവിമാനം അബദ്ധത്തിൽ മിസൈൽ ഉപയോഗിച്ച്​ വീഴ്​ത്തി 176 യാ​ത്രക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ആദ്യ അറസ്​റ്റുകൾ രേഖപ്പെടുത്തിയതായി ഇറാൻ. സമഗ്ര അന്വേഷണം ആരംഭിച്ചതായും ഏതാനും പേരെ അറസ്​റ്റ്​ ചെയ്​തതായും ഇറാൻ ജുഡീഷ്യറി വക്താ​വ്​ ഗുലാം ഹുസൈൻ ഇസ്മായിലി പറഞ്ഞു. അതേസമയം, എത്ര പേർ അറസ്​റ്റിലായെന്നോ അന്വേഷണത്തി​​​െൻറ കൂടുതൽ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

വിമാനം വീഴ്​ത്തിയത്​ പൊറുക്കാനാകാത്ത തെറ്റാണെന്ന്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി പറഞ്ഞു. വിഷയത്തിൽ ഏറ്റവും ശക്തമായ അന്വേഷണം നടക്കുമെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന​ ​െചയ്​തുകൊണ്ട്​ അറിയിച്ചു. ജഡ്​ജിയെയും വിദഗ്​ധരെയും ഉൾപ്പെടുത്തി പ്ര​ത്യേക കോടതി സ്ഥാപിക്കും. ‘ഇത്​ സാധാരണ കേസല്ല. ലോകം മുഴുവൻ ഈ കോടതിയെ വീക്ഷിച്ചുകൊണ്ടിരിക്കും’ റൂഹാനി വ്യക്തമാക്കി. ഈ സംഭവത്തിൽ തെറ്റോ അശ്രദ്ധയോ വരുത്തിയവർ ശിക്ഷിക്കപ്പെടുമെന്ന്​ ഉറപ്പുവരുത്തേണ്ടത്​ രാജ്യത്തെ സംബന്ധിച്ച്​ സുപ്രധാനമാണ്​.

ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷ അനുഭവിക്കുക​തന്നെ ചെയ്യും. വിമാനം ഇറാൻ സേന വെടിവെച്ചുവീഴ്​ത്തിയെന്ന്​ സർക്കാർ അംഗീകരിച്ചത്​ ആദ്യത്തെ ശരിയായ നടപടിയാണ്​. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന്​ ജനങ്ങൾക്ക്​ ഉറപ്പുവരുത്തേണ്ടതുണ്ട്​. വിമാന ദുരന്തത്തിൽ ജീവൻ നഷ്​ടപ്പെട്ട മുഴുവൻ പേരോടും ഇറാൻ സർക്കാർ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും റൂഹാനി പറഞ്ഞു.

അതേസമയം, ദുരന്തം അന്വേ​ഷിക്കുന്നതിൽ പങ്കാളികളാകാൻ​ കാനഡ, ഫ്രാൻസ്​, യുക്രെയ്​ൻ, അമേരിക്ക എന്നിവ​യെ ഇറാൻ ക്ഷണിച്ചിട്ടുണ്ട്​. വിമാന അവശിഷ്​ടങ്ങളും ബ്ലാക്ക്​ബോക്​സും പരിശോധിക്കാൻ അന്വേഷണ സംഘം തെഹ്​റാനിലേക്ക്​ തിരിച്ചതായി കനേഡിയൻ ട്രാൻസ്​പോർ​ട്ടേഷൻ സേഫ്​റ്റി ബോർഡ്​ ​വ്യക്തമാക്കി. 

Loading...
COMMENTS