പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത ഇന്തോനേഷ്യക്കാരിയെ ഹോങ്കോങ് നാടുകടത്തി
text_fieldsഹോേങ്കാങ്: സർക്കാർ വിരുദ്ധ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത ഇന്തോനേഷ്യൻ വനിതയെ ഹോങ്കോങ് നാടുകടത്തി. ഹോങ്കോങ്ങിൽ വീട്ടുവേലക്കാരിയും എഴുത്തുകാരിയുമായ യുലി റിസ്വാതിയെയാണ് 28 ദിവസം തടഞ്ഞുവെച്ച ശേഷം തിങ്കളാഴ്ച ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. വിസ പുതുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.
യുലിയുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും ഹോങ്കോങ്ങിലുള്ള ഇന്തോനേഷ്യൻ തൊഴിലാളികളെ സഹായിക്കാനുള്ള അവരുടെ അവകാശത്തെയും ഹോങ്കോങ് ഇമിഗ്രേഷൻ വകുപ്പ് അടിച്ചമർത്തിയതായി അവരെ പിന്തുണക്കുന്നവർ ആരോപിച്ചു.
നവംബർ നാലുമുതൽ കാസിൽ പീക് ബേയിൽ അവരെ തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണ്. യുലിയുടെ എഴുത്തിനെതിരെയുള്ള രാഷ്ട്രീയ അടിച്ചമർത്തലാണിത് -ഇൻറർനാഷനൽ ഡൊമസ്റ്റിക് വർക്കേഴ്സ് ഫെഡറേഷൻ റീജനൽ കോഒാഡിനേറ്റർ ഫിഷ് ഐപ് പറഞ്ഞു.
യുലിയുടെ വിസ കാലവധി ജൂലൈ 27ന് അവസാനിച്ചിരുന്നു. എന്നാൽ, രണ്ടുവർഷം കാലാവധിയുള്ള തൊഴിൽ കരാർ അവർക്കുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നടപടി അത്ഭുതമുളവാക്കുന്നതായി ഹോങ്കോങ് ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് വർക്കേഴ്സ് യൂനിയൻ ചെയർപേഴ്സൻ ഫോബ്സുക് ഗസിങ് പറഞ്ഞു.
10 വർഷമായി ഹോങ്കോങ്ങിൽ ജോലി ചെയ്യുന്ന യുലി ഇന്തോനേഷ്യൻ പത്രമായ സുവര, ഓൺലൈൻ പോർട്ടലായ മൈഗ്രൻ പോസ് എന്നിവയിൽ എഴുതുന്നുണ്ട്. ഇന്തോനേഷ്യൻ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച അവരുടെ റിപ്പോർട്ട് കഴിഞ്ഞവർഷത്തെ തായ്വാൻ ലിറ്റേറചർ അവാർഡിെൻറ അവസാന പട്ടികയിൽ ഇടംപിടിച്ചിരുന്നു.