ചോദ്യപേപ്പർ ചോർച്ച; ഇന്ത്യൻ സിം കാർഡുകളെ പഴിചാരി പാക് മന്ത്രി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ പരീക്ഷ ചോദ്യപേപ്പർ ചോർത്തുന്നതിന് ഇന്ത്യൻ സിം കാർഡുകളാണ് ഉപയോഗിച്ചതെന്ന് പാക് മന്ത്രി ആരോപിച്ചു. ഇൻറർമീഡിയറ്റ് തല പരീക്ഷയുടെ ഫിസിക്സ് ചോദ്യ പേപ്പർ പരീക്ഷ തുടങ്ങുന്നതിന് 40 മിനിറ്റുമുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണിത്. പ്രാഥമിക അന്വേഷണത്തിൽ ഇന്ത്യൻ മൊബൈൽ ഫോൺ സിം കാർഡുകളാണ് ചോദ്യപേപ്പർ ചോർത്താൻ ഉപയോഗിച്ചതെന്ന് തെളിഞ്ഞതായി പ്രവിശ്യ വിദ്യാഭ്യാസ മന്ത്രി ജാം മെഹ്താബ് ദെഹാർ പറഞ്ഞു.
സംഭവത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയോടും ഭീകരവിരുദ്ധ വകുപ്പിനോടും സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി ജില്ലയായ തർപാർകറിൽ ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. കറാച്ചിയിൽ നേരത്തേയും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു.
സുരക്ഷരഹസ്യങ്ങൾ ചോർന്ന സംഭവം; പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ശരീഫും ബജ്വയും
സുരക്ഷയോഗത്തിെൻറ വിവരം ചോർന്ന സംഭവത്തെ തുടർന്ന് സർക്കാറും സൈന്യവുമായുണ്ടായ അഭിപ്രായഭിന്നത രമ്യമായി പരിഹരിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി ഖമർ ജാവേദ് ബജ്വയും. പാകിസ്താനിൽനിന്നു പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ നേരിടുന്ന കാര്യത്തിൽ സർക്കാരും സൈന്യവും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായി ഡോൺ പത്രം ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യക്കും അഫ്ഗാനിസ്താനുമെതിരെയുള്ള ഒളിയുദ്ധത്തിന് ഇരു വിഭാഗവും ഒന്നിച്ചു നിൽക്കുന്നതായും പത്രം വാർത്തയിൽ പറഞ്ഞിരുന്നു.
വിവരം ചോർന്നതിൽ സൈന്യം അമർഷം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അന്വേഷണത്തിനൊടുവിൽ വിവരം ചോർത്തി നൽകിയ വിദേശ കാര്യ പ്രത്യേക ഉപദേഷ്ടാവ് താരിഖ് ഫാതിമിയെ ശരീഫ് പുറത്താക്കുകയും ചെയ്തു. എന്നാൽ, തീരുമാനം സൈന്യം എതിർക്കുകയായിരുന്നു. ഇതോടെ സർക്കാരും സമ്മർദ്ദത്തിലായി. ബജ്വയുമായി ശരീഫ് വ്യാഴാഴ്ച നടത്തിയ യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
