കശ്മീരിൽ ഇന്ത്യയുടേത് തീക്കളി -പാക് പ്രസിഡന്‍റ്

10:19 AM
25/08/2019

ഇസ്​ലാമാബാദ്: കശ്മീർ പ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രസിഡന്‍റ് ആരിഫ് അൽവി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ ഇന്ത്യയുടെ നടപടി തീക്കളിയാണെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിലൂടെ കശ്മീരിലെ സാഹചര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നതെങ്കിൽ ഇന്ത്യൻ സർക്കാർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും ആരിഫ് അൽവി ‘വോയ്സ് ന്യൂസി’നോട് പറഞ്ഞതായി ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്തത്. അതിൽ പാകിസ്താന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ പ്രശ്നത്തിലെ യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം എന്തുകൊണ്ട് പാകിസ്താൻ പ്രസ്താവന നടത്തിയില്ല എന്ന ചോദ്യത്തിന്, ഇത് നേരത്തെ തന്നെ അന്തർദേശീയവത്കരിക്കപ്പെട്ട പ്രശ്നമാണ് എന്നായിരുന്നു മറുപടി. കശ്മീരുമായി ബന്ധപ്പെട്ട സുരക്ഷാ കൗൺസിലിന്‍റെ ഒട്ടേറെ പ്രമേയങ്ങൾ ഇന്ത്യ അവഗണിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ അന്താരാഷ്ട്ര വേദികളിലും തുടർന്നും കശ്മീർ പ്രശ്നം പാകിസ്താൻ ഉന്നയിക്കുമെന്ന പ്രധാനമന്ത്രി ഇംമ്രാൻ ഖാന്‍റെ അഭിപ്രായം ആരിഫ് അൽവി ആവർത്തിക്കുകയും ചെയ്തു.

കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യക്ക് ഉദ്ദേശ്യമുണ്ടെന്ന് കരുതുന്നു, പക്ഷേ അത് സംഭവിക്കാൻ പോകുന്നില്ല. ഇന്ത്യ യുദ്ധം ആരംഭിക്കുകയാണെങ്കിൽ പ്രതിരോധിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട് -പാക് പ്രസിഡന്‍റ് വ്യക്തമാക്കി.

Loading...
COMMENTS