ഹോങ്കോങ് പ്രാദേശിക തെരഞ്ഞെടുപ്പ്: ജനാധിപത്യ സഖ്യത്തിന് ജയം
text_fieldsഹോങ്കോങ്: ആറു മാസം പിന്നിട്ട ജനകീയ പ്രക്ഷോഭത്തിെൻറ തുടർച്ചയായി നടന്ന ഹോങ്കോ ങ് പ്രാദേശിക തെരഞ്ഞെടുപ്പിൽ ജനാധിപത്യകക്ഷികൾക്ക് മിന്നുംജയം. 18 ജില്ല കൗൺസിലുക ളിൽ 17ഉം ജനാധിപത്യ സഖ്യം സ്വന്തമാക്കി. 452 സീറ്റുകളിൽ 390ഉം അവർക്കൊപ്പം നിന്നപ്പോൾ ചൈന യെ പിന്തുണക്കുന്നവർ 60 സീറ്റുകളിലൊതുങ്ങി. നാലു വർഷം മുമ്പ് ചൈനയെ പിന്തുണക്കുന്ന കക് ഷികൾ 292 സീറ്റുകൾ നേടുകയും ജനാധിപത്യ കക്ഷികൾ 116ലൊതുങ്ങുകയും ചെയ്തിടത്താണ് വൻ അട്ടിമറി. വോട്ട് വിഹിതം പക്ഷേ, ജനാധിപത്യ ചേരിക്ക് 60 ശതമാനമേയുള്ളൂ.
ഞായറാഴ്ച റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 29.4 ലക്ഷം പേർ വോട്ടുചെയ്യാനെത്തിയിരുന്നു. 2015ൽ 14.7 ലക്ഷം പേർ മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
രാജ്യത്ത് മാറ്റത്തിെൻറ കാറ്റിന് ആഹ്വാനംചെയ്യുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് ജനാധിപത്യ കക്ഷികൾ പറഞ്ഞു. ജനവിധി മാനിക്കുന്നതായും നിലവിലെ സാഹചര്യങ്ങളിലുള്ള അസന്തുഷ്ടിയാണ് പുറത്തുവന്നതെന്നും ഭരണമേധാവി കാരി ലാം പറഞ്ഞു. എന്നാൽ, എന്തു സംഭവിച്ചാലും ഹോങ്കോങ് ചൈനയുടെ ഭാഗമായി തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മുന്നറിയിപ്പ് നൽകി.
ഭരണം മാറില്ല; പക്ഷേ, മുന്നറിയിപ്പ്
ബസ് റൂട്ട് നിർണയംപോലുള്ള തീർത്തും അപ്രധാന അധികാരങ്ങൾ മാത്രമുള്ളതാണ് രാജ്യത്തെ ജില്ല കൗൺസിലുകൾ. അതിനാൽ, പ്രാദേശിക തെരഞ്ഞെടുപ്പ് ജനം ഗൗരവത്തോടെ കാണാറില്ല. ഇത്തവണ പക്ഷേ, ജനകീയ പ്രക്ഷോഭം രൂക്ഷമാകുകയും അടിച്ചമർത്താൻ ചൈന നേരിട്ട് എത്തുകയും ചെയ്ത സാഹചര്യത്തിൽ ജനം കൂട്ടമായി ബൂത്തുകളിലെത്തുകയായിരുന്നു.
1200 അംഗ എക്സിക്യൂട്ടിവ് സമിതിയാണ് ഹോങ്കോങ്ങിെൻറ ഭരണം നിയന്ത്രിക്കുന്നത്. ഇവരിൽ 117 പേരെ തെരഞ്ഞെടുക്കാൻ ജില്ല കൗൺസിലർമാർക്ക് അധികാരമുണ്ടാകും. ഈ 117 പേരും ഇത്തവണ ജനാധിപത്യകക്ഷികളുടെ പ്രതിനിധികളായിരിക്കും. എന്നാലും, മഹാഭൂരിപക്ഷം അംഗങ്ങളും ചൈന നേരിട്ട് നിയന്ത്രിക്കുന്നവരായതിനാൽ തീരുമാനങ്ങളിൽ വലിയ സ്വാധീനം ജനാധിപത്യ കക്ഷികൾക്ക് ചെലുത്താനാവില്ല.
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയുടെ ഭാഗമാണെങ്കിലും ഭാഗികമായി സ്വയംഭരണം അനുവദിക്കപ്പെട്ടിട്ടുണ്ട്. കരാർപ്രകാരം 2047ഓടെ ഇൗ അധികാരങ്ങളും അവസാനിക്കും. ഇത് തുടർന്നും അനുവദിക്കപ്പെടണമെന്നാണ് പൊതുവികാരം.