‘മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണം’; പാകിസ്​താനിൽ മതംമാറിയ ഹിന്ദു പെൺകുട്ടി

15:59 PM
19/01/2020
അരോക്​ കുമാരി എന്ന അലീസ ഭർത്താവ്​ അലി റാസക്കൊപ്പം വീഡിയോയിൽ

ഇസ്​ലാമാബാദ്​: മുസ്​ലിം യുവാവിനെ സ്​നേഹിച്ച്​ മതംമാറ്റം നടത്തി കല്യാണം കഴിച്ച തന്നെ മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണമെന്ന്​ പാക്​ പെൺകുട്ടിയുടെ അഭ്യർഥന. സിന്ധ്​ പ്രവിശ്യയിലെ ജകോബബാദിൽ നിന്നും ബുധനാഴ്​ച കാണാതായ അരോക്​ കുമാരിയാണ്​ ഭർത്താവ്​ അലി റാസക്കൊപ്പം ഈ അഭ്യർഥനയുമായി വീഡിയോ പുറത്തുവിട്ടത്​.

താൻ സ്വമേധയാ മതം മാറിയെന്നും അലീസ എന്ന പേര്​ സ്വീകരിച്ചെന്നും വീഡിയോയിൽ പറയുന്നു. ‘എനിക്ക്​ 18 വയസ്സായി. സ്വന്തം ഇഷ്​ടപ്രകാരമാണ്​ ഞാൻ ഇസ്​ലാം മതം സ്വീകരിച്ചത്​. തുടർന്ന്​ ഭീഷണി ഉള്ളതിനാൽ എന്നെ മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണം’- അരോക്​ കുമാരി പറയുന്നു.

ഈ ആവശ്യമുന്നയിച്ച്​ താനും ഭർത്താവു​ം കോടതിയെ സമീപിച്ചിട്ടു​ണ്ടെന്നും അവർ വ്യക്​തമാക്കി. അ​മ്രോത്​ ശെരീഫ്​ ദർഗയിൽ വെച്ചാണ്​ മതംമാറ്റവും വിവാഹവും നടന്നതെന്നും വീഡിയോയിലുണ്ട്.  അതേസമയം, പെൺകുട്ടിയെ അലിയും വീട്ടുകാരും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച്​ മതംമാറ്റുകയാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.

നൻകി കുമാരി, മെഹക്​ കുമാരി എന്നൊക്കെ വിളിക്കപ്പെടുന്ന അരോക്​ കുമാരിക്ക്​ 15 വയസ്​ കഴിഞ്ഞതേയുള്ളുയെന്നും ഒമ്പതാം ക്ലാസിലാണ്​ പഠിക്കുന്നതെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു സമൂഹത്തിൽ നിന്ന്​ അടുത്തിടെ 50 കുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റിയിട്ടുണ്ടെന്നാണ്​ അവർ ആരോപിക്കുന്നത്​. ഇത്​ തടഞ്ഞ്​ ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയാറാകണമെന്നും വീട്ടുകാർ ആവശ്യ​പ്പെടുന്നു.

സിന്ധ് പ്രവിശ്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്ക​ുന്നത്​ ഇമ്രാൻ ഖാൻ സർക്കാറിന്​ തലവേദനയാകുന്നുണ്ട്​.      

Loading...
COMMENTS