യു.എസ് സഖ്യസേന െഎ.എസ് നിയന്ത്രിത റഖ നഗരത്തിൽ
text_fieldsഡമസ്കസ്: യു.എസിെൻറ പിന്തുണയുള്ള സിറിയൻ സഖ്യ സേന െഎ.എസിെൻറ നിയന്ത്രണത്തിലുള്ള റഖയിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. നഗരത്തിൽ പുതിയ യുദ്ധമുഖം തുറക്കുമെന്ന സേനയുടെ പ്രഖ്യാപനത്തിനു തൊട്ടുടനെയാണിത്. കടുത്ത വ്യോമാക്രമണത്തിനു ശേഷമാണ് സേന റഖയിലേക്ക് കുതിച്ചത്.
കിഴക്കൻ നഗരമായ അൽമെശ്ലബിൽനിന്ന് റഖയിലേക്ക് തങ്ങളുടെ സൈന്യം കടന്നതായും നഗരത്തിെൻറ വടക്കൻ പ്രാന്തത്തിൽ കടുത്ത സംഘട്ടനം നടന്നുവരുന്നതായും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിെൻറ (എസ്.ഡി.എഫ്) കമാൻഡർ റോദ്ജെ ഫെലാറ്റ് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന് കീഴിലാണ് എസ്.ഡി.എഫ്. റഖയുടെ നിരവധി ഉൾപ്രദേശങ്ങൾ എസ്.ഡി.എഫിെൻറ നിയന്ത്രണത്തിലായെന്ന് സിറിയൻ ഒബ്സർവേറ്ററി ഒാഫ് ഹ്യൂമൻ റൈറ്റ്സും പറയുന്നു. രാത്രി വൈകിയും നഗരത്തിെൻറ കിഴക്കൻ മുനമ്പ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ഇവർ പുറത്തുവിട്ടു. മാസങ്ങളായി റഖയിലേക്ക് മൂന്നു ദിക്കുകളിൽനിന്നുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.
എന്നാൽ, അന്തർദേശീയ സഖ്യസേന വിമാനങ്ങൾ അടക്കമുള്ള യുദ്ധോപകരണങ്ങൾ തങ്ങൾക്ക് ലഭ്യമാക്കിയതിനെ തുടർന്ന് റഖ പിടിച്ചടക്കാൻ നീങ്ങുകയായിരുന്നുവെന്ന് എസ്.ഡി.എഫ് വക്താവ് തലാൽ സെല്ലോ അറിയിച്ചു. കഴിഞ്ഞ ദിവസം റഖയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 21 സിവിലിയന്മാർ ബോംബാക്രമണത്തിൽ െകാല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.