18 മണിക്കൂർ മഞ്ഞിനടിയിൽ; സാമിനയ്ക്കിത് രണ്ടാം ജന്മം 

11:09 AM
16/01/2020

മുസഫറാബാദ്: മരണത്തെ മുഖാമുഖം കണ്ട ശേഷമാണ് സാമിന ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മരണത്തിന്‍റെ തണുപ്പ് അത്രമേൽ ആഴ്ന്നിറങ്ങാൻ തുടങ്ങിയിടത്തുനിന്നാണ് ജീവിതം അവളെ കൈപിടിച്ചുയർത്തിയത്. ഒന്നും രണ്ടുമല്ല, നീണ്ട 18 മണിക്കൂറാണ് സാമിന മഞ്ഞിനടിയിൽ ജീവച്ഛവമായി കഴിഞ്ഞത്. 

പാക് അധീന കശ്മീരിലെ നീലം മേഖലയിൽ താമസിക്കുന്ന 12കാരിയായ സാമിനയുടെ വീടിന് മേലേക്കാണ് തിങ്കളാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞുമൂടിയ വീടിനകത്തെ മുറിയിൽ അവൾ കുടുങ്ങിക്കിടന്നു. ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് കരുതിയില്ലെന്ന് സാമിന പറയുന്നു. മുസഫറാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാമിന.

നീലം മേഖലയിൽ മഞ്ഞുവീഴ്ചയെ തുടർന്നുള്ള മരണസംഖ്യ 74 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മഞ്ഞിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

സാമിനയുടെ സഹോദരനും സഹോദരിയും മഞ്ഞുവീഴ്ചയിൽ കൊല്ലപ്പെട്ടു. സാമിനയെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാതാവ് ഷഹനാസ് പറയുന്നു. ബന്ധുക്കളും അയൽക്കാരുമുൾപ്പടെ നിരവധി പേർ ഇവരുടെ മൂന്നുനില വീട്ടിൽ ഉണ്ടായിരുന്നു. ഇവരിൽ 18 പേരാണ് മരിച്ചത്. 

മഞ്ഞുവീഴ്ചയിൽ ആകെ മരണസംഖ്യ 100 കവിഞ്ഞതായി പാക് ദുരന്ത നിവാരണ വിഭാഗം പറയുന്നു. വരുംനാളുകളിൽ ഹിമപാതം വർധിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

Loading...
COMMENTS