ഗസ്സയിൽ ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഇസ്രായേലിെൻറ നിരന്തര ആക്രമണത്തിനിരയാവുന്ന ഗസ്സ ചീന്തിൽ ആരോഗ്യ പ്രവർത്തകർ പ്രത്യേകമായി ലക്ഷ്യമാക്കപ്പെടുന്നതായി റിപ്പോർട്ട്. പരിക്കേറ്റയാളെ ശുശ്രൂഷിക്കുന്നതിനിടയിൽ നഴ്സ് റസാൻ അൽനജ്ജാർ (21) ഇസ്രായേൽ സൈന്യത്തിെൻറ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുറത്തുവിട്ട കണക്കുപ്രകാരം മാർച്ച് 30ന് ഫലസ്തീനികൾ ‘ഗ്രേറ്റ് മാർച്ച് ഒാഫ് റിേട്ടൺ’ പ്രക്ഷോഭം തുടങ്ങിയതിനുശേഷം മാത്രം 38 ആംബുലൻസുകളും 238 ആരോഗ്യപ്രവർത്തകരുമാണ് ഗസ്സയിൽ ഇസ്രായേലിെൻറ ആക്രമണത്തിന് ഇരയായത്.
ആരോഗ്യപ്രവർത്തകരാണെന്ന് മനസ്സിലായാലും ഇസ്രായേൽ സൈന്യം ബോധപൂർവം ആക്രമിക്കുകയാണ് പതിവെന്ന് ഗസ്സയിൽ പ്രവർത്തിക്കുന്ന റെഡ്ക്രസൻറ് അടിയന്തര മെഡിക്കൽ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽഹിസ്സി പറഞ്ഞു. ‘‘റസാനെതിരെയുള്ളതു പോലുള്ള ആക്രമണം ഇസ്രായേലിെൻറ ഭാഗത്തുനിന്നുണ്ടാവുന്നത് ആദ്യമായല്ല. അവസാനത്തേതുമാവാൻ ഇടയില്ല. യുദ്ധഭൂമിയിലായാൽ പോലും ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണ്. നാലാമത് ജനീവ കൺവെൻഷെൻറ ലംഘനമാണ്’’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘വെള്ളിയാഴ്ച ഗസ്സയിലെ ഖാൻ യൂനിസിന് കിഴക്കെ അതിരിലുള്ള ഖുസ്സയിൽ നടന്ന സംഭവത്തിൽ ഇസ്രായേൽ കെട്ടിയ വേലി കടക്കാൻ ശ്രമിച്ചവരെ സൈന്യം വെടിവെച്ചപ്പോൾ ശുശ്രൂഷിക്കാനാണ് റസാൻ അൽനജ്ജാറും മറ്റ് ആരോഗ്യപ്രവർത്തകരും മുന്നോട്ടുവന്നത്. കൈയുയർത്തി, ആരോഗ്യപ്രവർത്തകരാണ് എന്ന സൂചന നൽകിയാണ് അവർ പരിക്കേറ്റവർക്കടുത്തെത്തിയത്. അവരുടെ വസ്ത്രംതന്നെയും ആരോഗ്യപ്രവർത്തകരാണ് എന്നതിന് അടയാളവുമായിരുന്നു. എന്നിട്ടും സൈന്യം വെടിയുതിർക്കുകയായിരുന്നു’’ -അൽഹിസ്സി പറഞ്ഞു.
ബോധപൂർവമായിരുന്നു ഇസ്രായേൽ സൈന്യത്തിെൻറ വെടിവെപ്പെന്ന് റസാന് വെടിയേൽക്കുേമ്പാൾ തൊട്ടടുത്തുണ്ടായിരുന്ന സഹപ്രവർത്തക റിദ നജ്ജാർ പറഞ്ഞു. ‘‘പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ വേലിക്കരികെയെത്തിയപ്പോഴേക്ക് സൈന്യം ഞങ്ങൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. പിന്നാലെ വെടിവെക്കുകയും ചെയ്തു. റസാന് പുറത്താണ് ബുള്ളറ്റ് തുളച്ചുകയറിയത്. ഞങ്ങളുടെ വസ്ത്രവും മെഡിക്കൽ ബാഗുമൊക്കെ കണ്ടാൽതന്നെ ആരോഗ്യപ്രവർത്തകരാണെന്ന് ആർക്കും തിരിച്ചറിയാമായിരുന്നു. അത് മനസ്സിലാക്കിത്തന്നെയാണ് സൈന്യം വെടിയുതിർത്തത്’’ -റിദ നജ്ജാർ പറഞ്ഞു.
പ്രത്യേകതരം ബുള്ളറ്റുകളാണ് ഫലസ്തീൻകാർക്കുനേരെ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നത്. ‘ബട്ടർഫ്ലൈ ബുള്ളറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഇവ സാധാരണ ബുള്ളറ്റുകളെക്കാൾ പ്രഹരശേഷിയുള്ളതാണ്. ഇത് ശരീരത്തിൽ തട്ടുന്നതോടെ തുളച്ചുകയറുന്നതിനൊപ്പം പൊട്ടിത്തെറിക്കുകയും ചെയ്യും. അതുവഴി എല്ലുകളെയും കോശങ്ങളെയും നാഡികളെയും തകർക്കും. നരിവധി ആന്തരിക മുറിവുകൾക്കാണിത് കാരണമാകുക. ഇത്തരത്തിലുള്ള ബുള്ളറ്റാണ് റസാെനതിരെയും ഉപയോഗിച്ചത്.
മാർച്ച് 30ന് ഫലസ്തീനികൾ ‘ഗ്രേറ്റ് മാർച്ച് ഒാഫ് റിേട്ടൺ’ പ്രക്ഷോഭം തുടങ്ങിയതിനു ശേഷം കൊല്ലപ്പെടുന്ന 119ാമത്തെയാളാണ് റസാൻ അൽനജ്ജാർ. 13,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇങ്ങനെ പരിക്കേൽക്കുന്നവർെക്കല്ലാം പോരാട്ടമുഖത്തുതന്നെ പ്രാഥമിക ശുശ്രൂഷ നൽകുന്നത് റസാൻ അടക്കമുള്ള നഴ്സുമാരും ആരോഗ്യപ്രവർത്തകരുമാണ്. ഇവരെ ഇസ്രായേൽ പ്രത്യേകമായി ഉന്നമിടുന്നു എന്നത് ഗസ്സ നേരിടുന്ന ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
