You are here
പ്രധാനമന്ത്രി സ്ഥാനത്തിന് അയോഗ്യത: രാജപക്സ സുപ്രീംകോടതിയിലേക്ക്
കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ അപ്പീൽ കോടതി വിധിക്കെതിരെ മഹീന്ദ രാജപക്സ സുപ്രീംകോടതിയിൽ ഹരജി നൽകി. അന്തിമ വിധിനിർണയം സുപ്രീംകോടതിയുടേതായിരിക്കുമെന്നും ഭരണഘടന വ്യാഖ്യാനിക്കാനുള്ള അധികാരവും പരമോന്നത കോടതിക്കുെണ്ടന്നും രാജപക്സ വ്യക്തമാക്കി.
പ്രസിഡൻറ് മൈത്രിപാല സിരിസേന റനിൽ വിക്രമസിംഗെക്ക് പകരം പ്രധാനമന്ത്രിയായി നിയമിച്ച മഹീന്ദ രാജപക്സക്ക് ആ സ്ഥാനത്ത് തുടരാനാവില്ലെന്ന് തിങ്കളാഴ്ചയാണ് കോടതി ഉത്തരവിട്ടത്. രാജപക്സയുടെ മന്ത്രിസഭക്കും അംഗീകാരമുണ്ടായിരിക്കില്ലെന്നും വിധിച്ചു.
വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയിലെയും തമിഴ് നാഷനൽ അലയൻസിലെയും ജനത വിമുക്തി പേരാമുനയിലെയും 122 പാർലമെൻറ് അംഗങ്ങൾ നൽകിയ ഹരജിയിലായിരുന്നു ഇടക്കാല വിധി. ഒക്ടോബർ 26നാണ് പ്രസിഡൻറ് മൈത്രിപാല സിരിസേന റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി, മഹീന്ദ രാജപക്സയെ നിയമിച്ചത്.