വുഹാനിലെ മലയാളി യുവാവ് പറയുന്നു: ‘ലോക്ഡൗണും സ്വയം സമ്പർക്കവിലക്കും മാത്രം രക്ഷ’
text_fieldsവുഹാൻ: കോവിഡ് വൈറസിനെ തടയാൻ കർശന ലോക്ഡൗണും സ്വയം സമ്പർക്കവിലക്കും മാത്രമാണ് രക്ഷയെന്ന് സ്വന്തം അനുഭവത്തിൽ ന ിന്ന് പറയുകയാണ് വുഹാനിൽ ഹൈഡ്രോ ബയോളജിസ്റ്റ് ആയ മലയാളി ടി.എസ് അരുൺജിത്ത്. കർശനമായ അടച്ചുപൂട്ടൽ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതിൽ സന്തോഷമുണ്ടെന്നും അരുൺജിത്ത് വാർത്ത ഏജൻസിയായ പി.ടി.ഐയോട് ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു. 1.10 കോ ടി ജനങ്ങളുള്ള സെൻട്രൽ ചൈനീസ് നഗരമായ വുഹാനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതർ പിൻവലിച ്ചത്.
‘‘73 ദിവസമായി ഞാൻ അധികവും എന്‍റെ മുറിയിൽ തന്നെ അടച്ചിരിക്കുകയായിരുന്നു. അധികൃതരുടെ അനുമതിയോടെ തൊ ട്ടടുത്തുള്ള ലാബിൽ അപൂർവമായി പോയിരുന്നു. ഇപ്പോൾ സംസാരിക്കാൻ ഞാൻ ബുദ്ധിമുട്ടുന്നതിന് കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ കുറേ ആഴ്ചകളായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല. സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ വീടുകളിലായിരുന്നു’’. -അരുൺജിത്ത് പറയുന്നു.
എഴുന്നൂറോളം ഇന്ത്യക്കാരെയും വിദേശികളെയും രണ്ട് പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിലായി വുഹാനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ, വുഹാനിൽ തന്നെ തുടരാൻ തീരുമാനിച്ച ഇന്ത്യക്കാരിൽ ഒരാളായിരുന്നു അരുൺജിത്ത്. പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് ‘ഒളിച്ചോടുന്നത്’ ഇന്ത്യക്കാർക്ക് ചേർന്ന കാര്യമല്ലെന്നാണ് ഇതിന് അരുൺജിത്ത് നൽകുന്ന വിശദീകരണം. എന്നാൽ, അരുൺജിത്ത് പറയുന്ന മറ്റൊരു കാരണമാണ് ഏറ്റവും പ്രധാനം: ‘‘കേരളത്തിലേക്ക് വന്നാൽ അത് ഭാര്യയെയും കുട്ടിയെയും മാതാപിതാക്കളെയും അപകടത്തിലാക്കുമെന്നു കരുതിയാണ് ഇവിടെ തുടരാൻ തീരുമാനിച്ചത്’’ -അദ്ദേഹം പറഞ്ഞു.

ഇന്ത്യ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചത് ഉചിതമായ തീരുമാനമായിരുന്നെന്ന് അരുൺജിത്ത് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മഴക്കാലം എത്തുകയും ആളുകളുടെ പ്രതിരോധ ശേഷി കുറയുകയും ചെയ്യുമ്പോൾ രാജ്യത്ത് യഥാർത്ഥ പ്രശ്നം ഉയർന്നുവരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. കർശന ലോക്ഡൗണും സ്വയം സമ്പർക്കവിലക്കിൽ ഏർപ്പെടുകയുമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗമെന്നാണ് വുഹാൻ നൽകുന്ന പാഠമെന്നും അവിടെ ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമായ അരുൺജിത്ത് ചൂണ്ടിക്കാട്ടി.
വുഹാനിൽ താമസിക്കുന്ന മറ്റൊരു ഇന്ത്യൻ ശാസ്ത്രജ്ഞനും അരുൺജിത്തിന്‍റെ അതേ അഭിപ്രായമാണ് പി.ടി.ഐയുമായി പങ്കുവെച്ചത്. ‘‘ഏകദേശം 72 ദിവസം ഞാൻ എന്‍റെ മുറിയിൽ തന്നെ അടച്ചിരുന്നു. അയൽക്കാരന് മൂന്ന് കുട്ടികളുണ്ട്. അവർ ഫ്ലാറ്റിൽ നിന്ന് ഒരു തവണ പോലും പുറത്തുവരുന്നത് കണ്ടില്ല. ഇന്നെനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എങ്കിലും ഇപ്പോഴും പുറത്തിറങ്ങാൻ ധൈര്യമില്ല’’ -പേര് വെളിപ്പെടുത്താൻ തയാറാകാതിരുന്ന ശാസ്ത്രജ്ഞൻ പറഞ്ഞു.
ഇന്ത്യക്കാർ ലോക്ഡൗൺ കർശനമായി പാലിക്കണമെന്ന് അദ്ദേഹവും ഉപദേശിച്ചു. വുഹാനിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ വൈറസ് കാട്ടുതീ പോലെ പടരുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാട്ടിലേക്ക് കൊണ്ടു പോകാമെന്ന് ഇന്ത്യൻ എംബസി വാഗ്ദാനം ചെയ്തിരുന്നെങ്കിലും വീട്ടുകാരെ അപകടത്തിലാക്കേണ്ടയെന്ന് കരുതി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷണം കാണിക്കാതെ കോവിഡ് 19 പോസിറ്റീവ് ആയുള്ളവർ ഉണ്ടെന്ന ഭയം മൂലം വുഹാനിൽ പുറത്തിറങ്ങാൻ മടിക്കുന്നവർ ഏറെയാണ്. കൊറോണ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നത് തന്നെയാണെന്ന് കരുതുന്നെന്ന് ഗവേഷണത്തിന്‍റെ ഭാഗമായി ചൈനയുടെ ഗ്രാമീണ മേഖലകളിലടക്കം സഞ്ചരിച്ചിട്ടുള്ള അരുൺജിത്ത് പറയുന്നു. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതപ്പെടുന്ന കോവിഡ് 19 ലോകത്താകമാനം 15 ലക്ഷത്തിലധികം പേരെ ബാധിച്ചിട്ടുണ്ട്. 88,000ത്തിലേറെ പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
