ഗുണനിലവാരമില്ല; ചൈനീസ് മാസ്കും കോവിഡ് നിർണയ കിറ്റുകളും നിരസിച്ച് യൂറോപ്യൻ രാജ്യങ്ങൾ
text_fieldsഗുണനിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചൈനീസ് നിർമിത മെഡിക്കൽ ഉപകരണങ്ങൾ നിരസിച്ച് യൂറോപ്യൻ രാജ്യങ്ങൾ. കോവിഡ് ടെസ്റ്റിങ് കിറ്റും മെഡിക്കൽ മാസ്കും ഗുണകരമല്ലെന്നാണ് സ്പെയിൻ, തുർക്കി, നെതർലൻഡ് അടക്കമുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിതരണം ചെയ്ത ആറു ലക്ഷം മാസ്കുകളാണ് ഡച്ച് ആരോഗ്യ മന്ത്രാലയം തിരിച്ചെടുത്തത്. ചൈനീസ് നിർമാതാക്കൾ കയറ്റുമതി ചെയ്ത മാസ്കുകൾ മാർച്ച് 21നാണ് രാജ്യത്തെത്തിയത്. ആരോഗ്യ പ്രവർത്തകരുടെ സംഘത്തിന് അന്നുതന്നെ മാസ്കുകൾ കൈമാറിയിരുന്നു. മാസ്കിൽ ഉപയോഗിച്ച വലകൾ പ്രവർത്തന രഹിതമാണെന്നും മുഖത്തിന് യോജിക്കുന്നതല്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ചൈനീസ് കമ്പനിയിൽ നിന്ന് ലഭിച്ച ടെസ്റ്റിങ് കിറ്റിനും ഗുണനിലവാരമില്ലെന്ന് സ്പെയിൻ സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ സംബന്ധിച്ച കൃത്യമായ നിഗമനത്തിൽ എത്താൻ ചൈനീസ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.
ചൈനീസ് മെഡിക്കൽ അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസ് ഇല്ലാത്ത ഷെൻഷൻ ബയോക്സി ബയോടെക്നോളജി എന്ന കമ്പനിയുടേതാണ് ഉൽപന്നങ്ങളെന്ന് ചൈനയിലെ സ്പാനിഷ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.