രോഗമുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ; ആശങ്ക ഉയർത്തി പഠനം
text_fieldsബെയ്ജിങ്: കോവിഡ് മഹാമാരിയോട് സർവ്വ ശക്തിയും സന്നാഹങ്ങളുമായി ചെറുത്തു നിൽക്കാൻ ശ്രമിക്കുകയാണ് േലാകം. ഇതിനിടയിൽ പുറത്തു വന്ന പഠനമാണ് വലിയ ആശങ്കക്കിടയാക്കുന്നത്. കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയാലും പുരുഷ ബീജത്തിൽ കൊറോണ വൈറസ് നിലനിൽക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ലൈംഗിക ബന്ധത്തിലൂടെ േരാഗം പകരാനുള്ള സാധ്യതയാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന് ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
വൂഹാനിലെ ഷാങ്ക മുനിസിപ്പൽ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന 38 പുരുഷൻമാരിൽ ഒരു സംഘം ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിലാണ് ബീജത്തിലെ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവരിൽ 16 ശതമാനം പേരുടെ ബീജത്തിലും കൊേറാണ സാന്നിധ്യം കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചുവെന്ന് ജാമ നെറ്റ്വർക്ക് ഓപൺ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പരിേശാധനക്ക് വിധേയരാക്കിയവരിൽ കാൽ ഭാഗം രോഗികൾ കോവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗത്തിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നവരുമായിരുന്നു. വൈറസ് പെരുകില്ലെങ്കിലും അത് ബീജത്തിൽ നില നിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുവഴി വൈറസ് പടരുമോ എന്ന കാര്യം വ്യക്തമല്ല.
എബോളയും സിക്ക വൈറസുമൊക്കെ ബാധിച്ച പുരുഷൻമാരുടെ ബീജത്തിൽ രോഗമുക്തി നേടി മാസങ്ങൾക്ക് ശേഷവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
