ഭൂഖണ്ഡങ്ങൾ കടന്ന് ഭീതി; അതിർത്തികൾ അടച്ചു
text_fieldsബെയ്ജിങ്: ആസ്ട്രേലിയയിലും യു.എസിലും ആദ്യമായി മരണം സ്ഥിരീകരിച്ചതോടെ മനുഷ് യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതിയുടെ മുഖമായി കോവിഡ്-19. അതിർത്തികൾ അടച്ചും വലിയ ഒത്തുചേരലുകൾക്ക് വിലക്കേർപ്പെടുത്തിയും ലോകരാജ്യങ്ങൾ വൈറസ് ബാധക്കെതിരെ നടപടി ഊർജിതമാക്കിയിട്ടും സ്ഥിതി കൂടുതൽ ഗൗരവതരമായി മാറുന്നുവെന്നാണ് റിപ്പോർട്ട്.
ദിവസങ്ങൾക്കിടെ വീണ്ടും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന ചൈനക്കു പുറമെ, ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി രാജ്യങ്ങളിലാണ് കോവിഡ്-19 ആശങ്ക ഏറ്റവും കൂടുതൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2900 കവിഞ്ഞു. ബാധിച്ചവർ 86,000. ഇതിൽ 79,824 പേരും ചൈനയിലാണ്. 7,300ലേറെ പേർ അതിഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ചൈനീസ് ആരോഗ്യ അധികൃതർ അറിയിച്ചു.
42,000ഓളം പേർ രോഗം മാറി ആശുപത്രി വിട്ടിട്ടുമുണ്ട്. ദക്ഷിണ കൊറിയയിൽ 3,736 (മരണം-18), ഇറ്റലി- 1,100 (29), ഇറാൻ 978 (54) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. കോവിഡ് ഏറ്റവും അപകടകരമായ സാഹചര്യത്തിലെത്തിയെന്നും ഇനി ഏതു ദിശയിലും വളരാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 60ലേറെ രാജ്യങ്ങളിലാണ് ഇതിനകം രോഗം കണ്ടെത്തിയത്.
യു.എസിൽ ഒരാൾ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തുടനീളം കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മെക്സിേക്കാ അതിർത്തി അടച്ചതിനു പുറമെ ഇറ്റലി, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങി വൈറസ് ബാധിത രാജ്യങ്ങളിലേക്ക് വിമാന സർവിസും നിർത്തി.
ഇറ്റാലിയൻ നഗരമായ മിലാനിലേക്ക് എല്ലാ വിമാനങ്ങളും യാത്ര അവസാനിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 60ഓളം പേരിലാണ് കോവിഡ് ബാധ ഇതുവരെ കണ്ടെത്തിയത്.
അതിവേഗം പടരുന്ന ദക്ഷിണ കൊറിയയിൽ ചർച്ചുകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. ആഗോള ഇലക്ട്രോണിക് ഭീമൻ സാംസങ് ദെയ്ഗുവിനടുത്ത മൊബൈൽ ഫോൺ നിർമാണ ഫാക്ടറി അടച്ചിട്ടു. വാഹന കമ്പനി ഹ്യൂണ്ടായ്യുടെ ഫാക്ടറിയും അടച്ചിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് 813 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് മതപരമായ ഒത്തുചേരലുകൾക്ക് വിലക്കേർപ്പെടുത്തുന്നത്.
ക്രിസ്ത്യൻ വിഭാഗമായ ഷിൻചിയോഞ്ചി സംഘത്തിെല അംഗങ്ങൾ ചൈനയിലെ വൂഹാൻ സന്ദർശിച്ച് മടങ്ങിയെത്തിയതോടെയാണ് ദക്ഷിണ കൊറിയയിൽ രോഗം പടർന്നത്. രാജ്യത്തെ മൊത്തം രോഗികളിൽ 60 ശതമാനത്തിലേറെയും ഈ വിഭാഗക്കാരാണ്.
ജപ്പാൻ തീരത്ത് നിരീക്ഷണത്തിലാക്കിയ ഡയമണ്ട് പ്രിൻസസ് കപ്പലിൽനിന്ന് ആസ്ട്രേലിയയിലെത്തിച്ച 78കാരൻ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. ഇദ്ദേഹത്തിെൻറ പത്നിയും അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അതിനിടെ, ഏപ്രിൽ തുടക്കത്തിൽ നിശ്ചയിച്ച ജപ്പാൻ സന്ദർശനം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് നീട്ടി. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ല. ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ വലിയ സദസ്സുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.