ഏതുനിമിഷവും മരിക്കാൻ തയാർ; അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പോരാളിയുടെ ഭാര്യ
text_fieldsബെയ്ജിങ്: താൻ ഏതുനിമിഷവും മരിക്കാൻ തയാറാണെന്ന് അന്തരിച്ച നൊബേൽ ജേതാവും ചൈനീസ് മനുഷ്യാവകാശ പോരാളിയുമായിരുന്ന ലിയു സിയാബോയുടെ ഭാര്യ ലിയു സിയ. സുഹൃത്തുമായി ടെലിഫോണിൽ സംസാരിക്കവെയാണ് അവർ മനസ്സു തുറന്നത്. സിയാബോ മരണം വരിച്ചു. ഇനി ഇൗ ലോകത്ത് എന്നെ കാത്തിരിക്കാൻ ആരുമില്ല. ഇങ്ങനെ ഒറ്റപ്പെട്ട് കഴിയുന്നതിനേക്കാൾ ഭേദം മരണമാണെന്നും അവർ പറഞ്ഞതായി സുഹൃത്ത് ലിയാവോ യിവു ചൂണ്ടിക്കാട്ടി. പലപ്പോഴും സംഭാഷണത്തിനിടെ അവർ പൊട്ടിക്കരയുകയായിരുന്നു. റെക്കോഡ് ചെയ്ത സംഭാഷണമാണ് എഴുത്തുകാരനായ യിവു പുറത്തുവിട്ടത്.
ഒരു കുറ്റവും ചുമത്താതെയാണ് 2010 മുതൽ 57കാരിയായ സിയയെ വീട്ടുതടങ്കലിലടച്ചത്. അതേ വർഷമായിരുന്നു സിയാബോക്ക് നൊബേൽ പുരസ്കാരം ലഭിച്ചതും. പുരസ്കാരം ഏറ്റുവാങ്ങാൻപോലും അധികൃതർ അദ്ദേഹത്തെ അനുവദിച്ചില്ല. 11 വർഷത്തെ തടവിനുശേഷം 2017ലാണ് അദ്ദേഹം മരിച്ചത്. സിയാബോയുടെ മരണശേഷം സിയയുടെ കാര്യത്തിലും ആശങ്ക പരന്നിരുന്നു. ഏകാന്ത തടവിനാൽ കടുത്ത വിഷാദരോഗം ബാധിച്ചിരിക്കുന്നതായി അവർ സുഹൃത്തുക്കളെ അറിയിക്കുകയുണ്ടായി. സിയയെ സന്ദർശിക്കുന്നതിൽനിന്ന് മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ട്.
സിയയുടെ മോചനത്തിനായി ഏറെ നാളായി മനുഷ്യാവകാശപ്രവർത്തകർ അധികൃതരിൽ സമ്മർദം ചെലുത്തി വരുകയാണ്. എന്നാൽ, സിയ സ്വതന്ത്രയാണെന്നും ഭർത്താവിെൻറ മരണശേഷം പുറത്തിറങ്ങാൻ മടിക്കുകയാണെന്നുമാണ് അധികൃതരുടെ പക്ഷം. അതിനിടെ അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനീയിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
