ആണവായുധശേഷി കൂട്ടണമെന്ന് ചൈനീസ് സൈന്യം
text_fieldsബെയ്ജിങ്: യു.എസിനും റഷ്യക്കുമൊപ്പം നിൽക്കാനും അവരെ വെല്ലുവിളിക്കാനും ആണവ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് സൈന്യം. പീപ്ൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) ഔദ്യോഗിക പത്രത്തിലാണ് നിർദേശം. ലോകത്തെവിടെയും ലക്ഷ്യംവെക്കാവുന്ന, ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ചൈനയുടെ കൈവശമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വാർത്ത. യു.എസ് പുതിയ ആണവതന്ത്രങ്ങൾക്ക് തയാറെടുക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പി.എൽ.എയുടെ നിർദേശം. റഷ്യയും യു.എസും വലിയതോതിൽ ആണവായുധങ്ങൾ സംഭരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പി.എൽ.എ അക്കാദമി ഓഫ് മിലിട്ടറി സയൻസിലെ രണ്ടു ഗവേഷകരാണ് ലേഖനം എഴുതിയത്. യു.എസ്, റഷ്യ ഉൾപ്പെടെയുള്ള ശക്തികളുടെ ഭീഷണികളെ മറികടക്കാൻ ആണവായുധശേഷി വർധിപ്പിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ കാര്യമായ മാറ്റം വരണം. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന തത്വം പാലിക്കണമെന്നും ആണവായുധങ്ങളുടെ നിർമാർജനമാണ് ആത്യന്തിക ലക്ഷ്യമെന്നും ലേഖനത്തിൽ പറയുന്നു.
യു.എസോ റഷ്യയോ ആണവായുധങ്ങൾ ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. മറിച്ച്, അവ വിപുലീകരിക്കാനും ആധുനികമാക്കാനും കൂടുതൽ പണം വകയിരുത്തുകയാണ്. അടുത്ത 30 വർഷം ആണവായുധ മേഖലയിൽ 1.2 ട്രില്യൺ ഡോളർ ചെലവിടാനാണ് യു.എസ് തീരുമാനം. ഇതിനു തത്തുല്യമായി റഷ്യയും പണം ചെലവാക്കും. ഇതെല്ലാംകണ്ട് ചൈന വെറുതെയിരിക്കരുതെന്ന് ലേഖനം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
