ബെയ്ജിങ്: പോളണ്ടിൽ ചാരക്കുറ്റം ചുമത്തി ചൈനക്കാരനായ ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ചൈന അതീവ ആശങ്ക പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയാണ് പോളണ്ട് അറസ ്റ്റ് സ്ഥിരീകരിച്ചത്. ചൈനീസ് ടെലികോം കമ്പനിയായ വാവെയ്യുടെ ഡയറക്ടർമാരിൽ ഒരാളാണ് അറസ്റ്റിലായത്.
സ്ഥാപിതതാൽപര്യങ്ങൾ മുൻനിർത്തി വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിൽ ആശങ്കയുണ്ട്. സാഹചര്യം മനസ്സിലാക്കി അറസ്റ്റിനെ നിയമപ്രകാരം നേരിടുമെന്ന് ചൈന വ്യക്തമാക്കി.
ചൈനക്കാരനൊപ്പം പോളണ്ടുകാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. ഇറാനെതിരായ ഉപരോധം ലംഘിച്ചെന്നാരോപിച്ച് വാവെയ് കമ്പനിയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ലോകരാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ വാവെയ് മേധാവി മെങ് വാൻഷുവിനെ കാനഡ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയുടെ സമ്മർദത്തെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു.