ഒറ്റക്കുട്ടി നയം മാറ്റം വിജയം; ചൈനയില്‍ ജനന നിരക്കില്‍ വര്‍ധന
text_fieldsബെയ്ജിങ്: മൂന്ന് പതിറ്റാണ്ടോളം കൊണ്ടുനടന്ന വിവാദ ഒറ്റക്കുട്ടി നയം ചൈന ഉപേക്ഷിച്ചതോടെ, രാജ്യത്ത് ജനന നിരക്കില്‍ വര്‍ധന. കഴിഞ്ഞവര്‍ഷം രാജ്യത്ത് 1.84 കോടി കുഞ്ഞുങ്ങള്‍ ജനിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനന നിരക്കില്‍ 11.5 ശതമാനത്തിന്‍െറ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ, കുടുംബാസൂത്രണ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നതിനായി 1970കളിലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയത്. എന്നാല്‍, രാജ്യത്ത് വയോധികരുടെ എണ്ണം 25 കോടി കവിയുകയും അത് വന്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞവര്‍ഷം ഈ നയം ഉപേക്ഷികാന്‍ തീരുമാനിച്ചത്. രണ്ടാമതൊരു കുട്ടിയെ അനുവദിക്കുന്നുണ്ടെങ്കിലും ഇവരുടെ വിദ്യാഭ്യാസത്തിനും മറ്റും അധിക തുകയും മറ്റും ഈടാക്കുന്ന ഈ നയത്തില്‍ കാര്യമായ ഭേദഗതി നടത്തുകയാണ് ചെയ്തത്. പുതിയ നിയമം മൂലം, ആദ്യ കുട്ടിക്കുള്ള എല്ലാ ആനൂകൂല്യങ്ങളും രണ്ടാമത്തെ കുട്ടിക്കും ലഭിക്കും.
രാജ്യത്തെ വിവിധ ആശുപത്രികളില്‍നിന്ന് വിതരണം ചെയ്ത ജനന സര്‍ട്ടിഫിക്കറ്റുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് കുടുംബാസൂത്രണ വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് പ്രകാരം, ഓരോ വര്‍ഷവും രാജ്യത്ത് ചുരുങ്ങിയത് 1.8 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും ഈ ദശകത്തിന്‍െറ അവസാനത്തോടെ, ജനസംഖ്യ പ്രതിസന്ധി അവസാനിക്കുമെന്നുമാണ് ചൈനയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
